അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കുന്നു

GCC News

എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. COVID-19 വ്യപനം തടയുന്നതിനായി, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്തുമായി ചേർന്ന് ഓഗസ്റ്റ് 27, വ്യാഴാഴ്ച്ച മുതൽ എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള വൈറസ് പരിശോധനാ നടപടികളിൽ മാറ്റങ്ങൾ വരുത്തിയതായി കമ്മിറ്റി വ്യക്തമാക്കി.

“COVID-19 PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ച് 48 മണിക്കൂറിനുള്ളിൽ എമിറേറ്റിലേക്ക് പ്രവേശിക്കാം. അല്ലെങ്കിൽ, 6 ദിവസത്തിനുള്ളിൽ ലഭിച്ച PCR റിസൾട്ട് ഉണ്ടെങ്കിൽ, 48 മണിക്കൂറിനുള്ളിൽ എടുത്ത ലേസർ DPI ടെസ്റ്റ് റിസൾട്ട് ഉപയോഗിച്ച് എമിറേറ്റിലേക്ക് പ്രവേശിക്കാം.”, അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു.

ഓഗസ്റ്റ് 27 മുതൽ അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് രണ്ട് COVID-19 ടെസ്റ്റുകൾ ഉപയോഗിച്ച് കൊണ്ട് പ്രവേശനാനുമതി നൽകാനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്. പുതിയ തീരുമാനപ്രകാരം COVID-19 PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക്, അവ ലഭിച്ച് 48 മണിക്കൂറിനകം എമിറേറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. ലേസർ DPI നെഗറ്റീവ് റിസൾട്ട് നേടുന്നവർക്ക്, 6 ദിവസത്തിനുള്ളിൽ ലഭിച്ച PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ, 48 മണിക്കൂറിനകം അബുദാബിയിലേക്ക് പ്രവേശിക്കാൻ അനുവാദം നൽകുന്നതാണ്. ആറു ദിവസത്തിനിടയിൽ തുടരെ ഒരേ തരം ടെസ്റ്റ് ഉപയോഗിച്ച് പ്രവേശനാനുമതി നൽകില്ലെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.

ഇതുവരെ 48 മണിക്കൂർ സാധുതയുള്ള PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉപയോഗിച്ചോ, ലേസർ DPI പരിശോധനാ ഫലം ഉപയോഗിച്ചോ നേരിട്ട് എമിറേറ്റിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ പുതിയ തീരുമാന പ്രകാരം ലേസർ DPI പരിശോധനാ ഫലം ഉപയോഗിക്കുന്നവർ അനുബന്ധമായി 6 ദിവസത്തിനിടയിൽ ലഭിച്ച PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടി വരുന്നതാണ്.

കൊറോണ വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് നേരിയ തോതിൽ വർദ്ധിക്കുന്നത് കണക്കിലെടുത്താണ് ഈ തീരുമാനം. COVID-19 വാക്സിൻ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഈ തീരുമാനത്തിൽ ഇളവുകൾ നൽകിയിട്ടുണ്ട്. ഇവർക്ക് എമർജൻസി വാഹനങ്ങൾക്കുള്ള നിരയിലൂടെ എമിറേറ്റിലേക്ക് നേരിട്ട് പ്രവേശിക്കാവുന്നതാണ്. ഈ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ഉൾപ്പടെയുള്ള നിയമ നടപടികൾ നേരിടേണ്ടിവരുമെന്നും കമ്മിറ്റി വ്യക്തമാക്കി.

യു എ ഇയിലുടനീളം കൂടുതൽ ലേസർ ഡി പി ഐ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചതായി അബുദാബി മീഡിയാ ഓഫീസ് ഓഗസ്റ്റ് 22-നു അറിയിച്ചിരുന്നു.