അബുദാബി: 2021 ജനുവരി 2 മുതൽ റോഡുകളിലെ ടോൾ സംവിധാനങ്ങൾ പ്രവർത്തനമാരംഭിക്കും

GCC News

2021 ജനുവരി 2 മുതൽ അബുദാബിയിലെ റോഡുകളിലെ ടോൾ സംവിധാനമായ ‘DARB’ പ്രവർത്തനമാരംഭിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ(ITC) അറിയിച്ചു. ഡിസംബർ 8-നാണ് ITC ഈ അറിയിപ്പ് നൽകിയത്. ജനുവരി 2 മുതൽ പ്രവർത്തിദിനങ്ങളിൽ, റോഡിൽ തിരക്ക് കൂടിയ മണിക്കൂറുകളായ കാലത്ത് 7 മുതൽ 9 മണിവരെയും വൈകുന്നേരം 5 മുതൽ 7 മണിവരെയുമാണ് ഈ ടോൾ സംവിധാനം പ്രയോഗക്ഷമമാക്കുന്നത്.

ടോൾ സംവിധാനങ്ങളുമായി വാഹനങ്ങളെ ബന്ധപ്പെടുത്തുന്നതിനുള്ള ഓൺലൈൻ അക്കൗണ്ടുകൾ പ്രവർത്തനക്ഷമമാക്കാൻ ITC അബുദാബി നിവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. DARB മൊബൈൽ ആപ്പിലൂടെയോ, http://darb.itc.gov.ae എന്ന വെബ്സൈറ്റിലൂടെയോ ഇത് ചെയ്യാവുന്നതാണ്.

അബുദാബിയിലെ റോഡുകളിൽ എവിടെയെല്ലാമാണ് DARB ടോൾ സംവിധാനം 2021 ജനുവരി 2 മുതൽ പ്രവർത്തനമാരംഭിക്കുന്നത്?

2021 ജനുവരി 2 മുതൽ ആദ്യ ഘട്ടത്തിൽ ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, അൽ മഖ്ത പാലം, മുസഫ പാലം എന്നിവിടങ്ങളിൽ ഇരുവശങ്ങളിലേക്കുമുള്ള ടോൾ ഗേറ്റുകളിലാണ് ടോൾ നടപ്പിലാക്കുന്നത്. അബുദാബി നഗരത്തിലേക്കുള്ള പാതകളിലെ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനും, പൊതുഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ നടപടി ലക്ഷ്യമിടുന്നതായും ITC വ്യക്തമാക്കി.

ടോൾ പ്രവർത്തന സമയം, ടോൾ തുകകൾ:

ആഴ്ച്ച തോറും, ശനിയാഴ്ച്ച മുതൽ വ്യാഴാഴ്ച്ച വരെ വാഹനഗതാഗതം ഏറ്റവും കൂടുതൽ ആയ മണിക്കൂറുകളിൽ (കാലത്ത് 7 മുതൽ 9 മണിവരെയും വൈകുന്നേരം 5 മുതൽ 7 മണിവരെയും), 4 ദിർഹം ആണ് ഓരോ തവണ ടോൾഗേറ്റിലൂടെ കടന്നു പോകുന്നതിനും ടോൾ തുകയായി ഈടാക്കുന്നത്. തുടർന്നുള്ള മണിക്കൂറുകളിലും, പൊതു അവധി, വെള്ളിയാഴ്‌ച്ച ദിവസങ്ങളിലും ടോൾ ഗേറ്റുകളിലൂടെ യാത്ര സൗജന്യമായിരിക്കും എന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ(ITC) അറിയിച്ചിട്ടുണ്ട്.

ഒരു വാഹനത്തിന് ഒരു ദിവസം പരമാവധി 16 ദിർഹം വരെയാണ് ടോൾ ആയി ഈടാക്കുന്നത്. ഒരു ഉപയോക്താവിന്റെ അക്കൗണ്ടിന് കീഴിൽ റെജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യ വാഹനത്തിനു മാസത്തിൽ പരമാവധി 200 ദിർഹവും , രണ്ടാമത്തേ വാഹനത്തിന് പരമാവധി 150 ദിർഹവും, തുടർന്നുള്ള ഓരോ വാഹനത്തിനും പരമാവധി100 ദിർഹവും ആയി മാസ പരിധി നിജപ്പെടുത്തിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ കീഴിൽ വരുന്ന വാഹനങ്ങൾക്ക് ഈ ഇളവ് ലഭ്യമല്ല.

ഓരോ തവണ വാഹനങ്ങൾ ടോൾ ഗേറ്റിലൂടെ കടന്ന് പോകുമ്പോളും ഉപയോക്താക്കളുടെ അക്കൗണ്ടിൽ റീചാർജ് ചെയ്തിട്ടുള്ള തുകയിൽ നിന്ന് ടോൾ സ്വയമേവ ഈടാക്കുന്നതാണ്. ‘DARB’ ടോൾ ഗേറ്റ് അക്കൗണ്ട് റെജിസ്റ്റർ ചെയ്യുന്നതിനായി ഉപയോക്താക്കളിൽ നിന്നും ഓരോ വാഹനത്തിനും 100 ദിർഹം ഈടാക്കുന്നുണ്ട്. ഇതിൽ 50 ദിർഹം ടോൾ തുക അടയ്ക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ്.

ടോൾ ഇളവുകൾ:

മുതിർന്ന എമിറേറ്റി പൗരന്മാർ, വിരമിച്ച എമിറേറ്റി പൗരന്മാർ, കുറഞ്ഞ വരുമാനമുള്ള എമിറേറ്റി പൗരന്മാർ, അംഗപരിമിതർ എന്നീ വിഭാഗക്കാർക്ക് ടോൾ ഒഴിവാക്കി നൽകിയിട്ടുണ്ട്. പൊതു ബസുകൾ, സ്‌കൂൾ ബസുകൾ, അബുദാബിയിൽ രെജിസ്റ്റർ ചെയ്ത ടാക്സികൾ, അത്യാവശ്യ സേവനങ്ങൾക്കുള്ള വാഹനങ്ങൾ, ബൈക്കുകൾ, ഇലക്ട്രിക്ക് വാഹനങ്ങൾ മുതലായവയെ ടോളിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ടോൾ ഗേറ്റുകളിലൂടെ കടന്ന് പോകുന്നതിന് എല്ലാ വിഭാഗം വാഹനങ്ങൾക്കും, ഇളവുകൾ അനുവദിച്ചിട്ടുള്ളവർ ഉൾപ്പടെ, ‘DARB’ ടോൾ ഗേറ്റ് അക്കൗണ്ട് റെജിസ്ട്രേഷൻ നിർബന്ധമാണ്.

റെജിസ്റ്റർ ചെയ്യാത്ത ഒരു വാഹനം ടോൾ ഗേറ്റിലൂടെ കടന്ന് പോകുമ്പോൾ ‘DARB’ ടോൾ ഗേറ്റ് അക്കൗണ്ട് റെജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനായി 10 പ്രവർത്തി ദിവസത്തെ സാവകാശം നൽകുന്നതാണ്. ഈ കാലയളവിനുള്ളിൽ റെജിസ്ട്രേഷൻ പൂർത്തിയാക്കാത്ത വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതാണ്.