ലോക കാൻസർ ദിനം: കാൻസർ റൺ പ്രചാരണ പരിപാടിയുമായി അബുദാബി

UAE

ലോക കാൻസർ ദിനത്തിന്റെ ഭാഗമായി 2024 ഫെബ്രുവരി 4-ന് അബുദാബിയിൽ പ്രത്യേക ‘കാൻസർ റൺ’ പ്രചാരണപരിപാടി സംഘടിപ്പിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ക്ളീവ്ലാൻഡ് ക്ലിനിക് അബുദാബി (CCAD), അബുദാബി സ്പോർട്സ് കൗൺസിൽ എന്നിവർ സഹകരിച്ചാണ് ഈ പരിപാടി ഒരുക്കുന്നത്. 2024 ഫെബ്രുവരി 4-ന് രാവിലെ 6 മണിയ്ക്കും 10 മണിയ്ക്കും ഇടയിലാണ് ‘കാൻസർ റൺ’ പ്രചാരണപരിപാടി സംഘടിപ്പിക്കുന്നത്.

അൽ മരിയ ഐലൻഡിൽ വെച്ച് നടക്കുന്ന ‘കാൻസർ റൺ’ പ്രചാരണപരിപാടിയിൽ സമൂഹത്തിലെ എല്ലാ പ്രായവിഭാഗങ്ങളിൽ നിന്നുള്ളവർക്കും പങ്കെടുക്കാവുന്നതാണ്. വിവിധ തരം കാൻസർ രോഗങ്ങളെക്കുറിച്ചും, അവ വരാനുള്ള സാധ്യതകളെക്കുറിച്ചും, കാൻസർ തടയുന്നതിനായി ആരോഗ്യപരമായ ജീവിത ശൈലികൾ പിന്തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊതുസമൂഹത്തിൽ അവബോധം വളർത്തുന്നതിനായാണ് ഇത്തരം ഒരു പ്രചാരണപരിപാടി സംഘടിപ്പിക്കുന്നത്.

ഇതിന്റെ ഭാഗമായി 1-3 കിലോമീറ്റർ, 5 കിലോമീറ്റർ, 10 കിലോമീറ്റർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായുള്ള ഓട്ട മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. 5, 10 വിഭാഗങ്ങളിലെ വിജയികൾക്ക് സമ്മാനത്തുക നൽകുന്നതാണ്.

വിവിധ വിഭാഗങ്ങളിലെ സമ്മാനതുകകൾ:

  • 5 കിലോമീറ്റർ വിഭാഗത്തിലെ വിജയിക്ക് – 2000 ദിർഹം.
  • 5 കിലോമീറ്റർ വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് – 1500 ദിർഹം.
  • 5 കിലോമീറ്റർ വിഭാഗത്തിൽ മൂന്നാം സ്ഥാനം ലഭിക്കുന്നവർക്ക് – 1000 ദിർഹം.
  • 10 കിലോമീറ്റർ വിഭാഗത്തിലെ വിജയിക്ക് – 3000 ദിർഹം.
  • 10 കിലോമീറ്റർ വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് – 2000 ദിർഹം.
  • 10 കിലോമീറ്റർ വിഭാഗത്തിൽ മൂന്നാം സ്ഥാനം ലഭിക്കുന്നവർക്ക് – 1000 ദിർഹം.

‘കാൻസർ റൺ’ പ്രചാരണപരിപാടി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://www.premieronline.com/event/cancer_run_2024_6842 എന്ന വിലാസത്തിൽ ലഭ്യമാണ്.