അബുദാബി: നവംബർ 8 മുതൽ കൂടുതൽ സാംസ്‌കാരിക കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനം

UAE

എമിറേറ്റിലെ കൂടുതൽ സാംസ്‌കാരിക കേന്ദ്രങ്ങൾ നവംബർ 8, ഞായറാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു. കർശനമായ COVID-19 സുരക്ഷാ മുൻകരുതലുകളോടെയാണ് ഈ കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

നവംബർ 8 മുതൽ അബുദാബിയിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്ന സാംസ്‌കാരിക കേന്ദ്രങ്ങൾ:

  • മനാരത്ത് സാദിയത്ത് (Manarat Al Saadiyat).
  • ബെർക്ക് ലി അബുദാബി (Berklee Abu Dhabi).
  • കൾച്ചറൽ ഫൗണ്ടേഷൻ (Cultural Foundation).
  • ബൈത് അൽ ഔദ് (Bait Al Oud).
  • അൽ ഖട്ടാര ആർട്സ് സെന്റർ, അൽ ഐൻ (Al Qattara Arts Center, Al Ain).

പ്രവർത്തനമാരംഭിക്കുന്ന ഈ സാംസ്‌കാരിക കേന്ദ്രങ്ങളിൽ അതീവ സുരക്ഷാ മുൻകരുതലുകളോടെ 12-നും, 60-നും ഇടയിൽ പ്രായമുള്ളവർക്കായി പ്രത്യേക പ്രദർശനങ്ങൾ, പഠന പരിപാടികൾ, പരിശീലനക്കളരികൾ എന്നിവ ഒരുക്കുന്നതാണ്. ഈ കേന്ദ്രങ്ങളിൽ നൽകുന്ന ഇത്തരം പ്രത്യേക പരിപാടികൾക്ക് സന്ദർശകർക്ക് മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണ്.

സുരക്ഷ ഉറപ്പാക്കുന്നതിനായി മുഴുവൻ ജീവനക്കാർക്കും COVID-19 പരിശോധനകൾ നടപ്പിലാക്കുന്നതാണ്. ഇതിനു പുറമെ അണുനശീകരണം, സമൂഹ അകലം മുതലായ മുൻകരുതലുകളും ഇത്തരം കേന്ദ്രങ്ങൾ ഉറപ്പാക്കുന്നതാണ്.