അബുദാബി: സെപ്റ്റംബർ 6 മുതൽ 145 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനം

UAE

എമിറേറ്റിലെ തിരക്കേറിയ ഇടങ്ങളിലുള്ള 145 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സെപ്റ്റംബർ 6, ഞായറാഴ്ച്ച മുതൽ തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻറർ (ITC) അറിയിച്ചു. അബുദാബി സിറ്റിയിൽ 114-ഉം, അൽ ഐൻ സിറ്റിയിൽ 21-ഉം, അൽ ദഫ്‌റയിൽ 10-ഉം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് യാത്രികർക്കായി വീണ്ടും തുറന്നു കൊടുക്കാൻ തീരുമാനിച്ചിട്ടുള്ളത്.

കർശനമായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ഈ ശീതീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ തുറന്നു കൊടുക്കുന്നത്.

ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങൾ:

  • ഒരേ സമയം പരമാവധി 3 പേർക്ക് മാത്രമാണ് ഇത്തരം കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം.
  • മാസ്കുകൾ നിർബന്ധമാണ്.
  • 2 മീറ്റർ എങ്കിലും സമൂഹ അകലം ഉറപ്പാക്കണം.

തുറന്ന് പ്രവർത്തിക്കുന്ന എല്ലാ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ദിനവും രണ്ട് പ്രാവശ്യം അണുവിമുക്തമാക്കുന്നതാണ്.