അബുദാബി: രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ വേളയിൽ ഹോട്ടലുകളിലെ സേവനങ്ങൾ നിർത്തിവെക്കുമെന്ന് DCT

UAE

2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ, അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന കാലയളവിൽ, എമിറേറ്റിലെ ഹോട്ടലുകളിലെ വിവിധ സേവനങ്ങൾക്ക് നിയന്ത്രണങ്ങൾ ബാധകമായിരിക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു. ജൂലൈ 19 മുതൽ ദിനവും രാത്രി 12 മണിമുതൽ രാവിലെ 5 മണിവരെ അബുദാബിയിൽ അണുനശീകരണ പ്രവർത്തനങ്ങളും, ശുചീകരണ നടപടികളും, യാത്രാ നിയന്ത്രണവും നടപ്പിലാക്കുന്നതാണ്.

ദിനവും രാത്രി 12 മണിമുതൽ രാവിലെ 5 മണിവരെയുള്ള സമയങ്ങളിൽ അബുദാബിയിലെ ഹോട്ടലുകളിൽ പ്രവർത്തിക്കുന്ന വിവിധ സേവനങ്ങൾ, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ നിർത്തിവെക്കുമെന്ന് DCT വ്യക്തമാക്കിയിട്ടുണ്ട്. ഈ കാലയളവിൽ ഹോട്ടൽ ജീവനക്കാർക്ക് ഹോട്ടൽ പരിസരം വിട്ട് പുറത്ത് പോകുന്നതിന് അനുമതിയുണ്ടായിരിക്കില്ലെന്നും DCT അറിയിച്ചു.

ഹോട്ടലുകളിലെ റെസ്റ്ററന്റുകൾ, ജിം, സ്പാ, സ്വിമ്മിങ്ങ് പൂൾ, സ്വകാര്യ ബീച്ചുകൾ മുതലായവയുടെ പ്രവർത്തനം പരമാവധി ശേഷിയുടെ അമ്പത് ശതമാനത്തിൽ നിയന്ത്രിക്കുന്നതാണ്. നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായുള്ള പ്രത്യേക പരിശോധനകൾ നടത്തുമെന്നും DCT അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ വിലാസത്തിൽ നിന്ന് ലഭ്യമാണ്.

എമിറേറ്റിലെ വിവിധ മേഖലകളിലെ അനുവദനീയമായ പരമാവധി പ്രവർത്തന ശേഷിയിൽ 2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ മാറ്റം വരുത്താൻ അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്കേർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിലും 2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചിട്ടുണ്ട്.

2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന കാലയളവിൽ അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവരെ കണ്ടെത്തുന്നതിനായി എമിറേറ്റിലെ റഡാർ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Cover Photo: WAM