എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് ആറാം ദിവസം ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധ COVID-19 PCR പരിശോധനയിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ പിഴയുൾപ്പടെയുള്ള ശിക്ഷകൾ ചുമത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി. സെപ്റ്റംബർ 16-ന് രാത്രി പുറത്തിറക്കിയ അറിയിപ്പിലാണ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.
48 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 നെഗറ്റീവ് PCR റിസൾട്ട്, അല്ലെങ്കിൽ 48 മണിക്കൂറിനിടയിൽ ലഭിച്ച ലേസർ DPI നെഗറ്റീവ് റിസൾട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് കൊണ്ട് അബുദാബിയിലേക്ക് പ്രവേശിക്കാവുന്നതാണ്. അബുദാബിയ്ക്ക് പുറത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കുന്ന പൗരന്മാർ, അബുദാബി നിവാസികൾ, സന്ദർശകർ എന്നിവർ, തുടർച്ചയായി ആറോ അതിൽ കൂടുതലോ ദിനങ്ങൾ എമിറേറ്റിൽ തുടരുകയാണെങ്കിൽ, ആറാമത്തെ ദിനം നിർബന്ധമായും ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.
അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് ആറാം ദിവസം ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധ COVID-19 PCR പരിശോധനയിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴയുൾപ്പടെയുള്ള നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് എമിറേറ്റിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി സെപ്റ്റംബർ 12-നു വ്യക്തമാക്കിയിരുന്നു. ഈ അറിയിപ്പ് പ്രകാരമുള്ള നിയമനടപടികളാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. COVID-19 വാക്സിൻ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവർക്ക് മാത്രമാണ് ഈ നിർദേശങ്ങളിൽ ഇളവുകൾ അനുവദിച്ചിട്ടുള്ളത്.