അബുദാബി: റമദാനിലെ ഷോപ്പിംഗ് സുരക്ഷിതമാക്കാൻ തിരക്കൊഴിഞ്ഞ സമയങ്ങൾ തിരഞ്ഞെടുക്കാൻ നിർദ്ദേശം

UAE

റമദാനിൽ ഷോപ്പിംഗ് ആവശ്യങ്ങൾക്കായി വിവിധ വ്യാപാരസ്ഥാപനങ്ങൾ സന്ദർശിക്കുന്നവർ പാലിക്കേണ്ടതായ ഏതാനം സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി മീഡിയ ഓഫീസ് അറിയിപ്പ് നൽകി. പൊതുസമൂഹത്തിന്റെയും, കുടുംബാംഗങ്ങളുടെയും സുരക്ഷ ഉറപ്പ് വരുത്തിക്കൊണ്ട് ഷോപ്പിംഗ് നടത്തുന്നതിനുള്ള നിർദ്ദേശങ്ങളാണ് ഈ അറിയിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഷോപ്പിംഗ് സുരക്ഷിതമാക്കാനുള്ള നിർദ്ദേശങ്ങൾ:

  • വ്യാപാരശാലകൾ, വാണിജ്യ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള പരമാവധി യാത്രകൾ ഒഴിവാക്കാൻ ശ്രമിക്കേണ്ടതാണ്. തീർത്തും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ വ്യാപാരശാലകളിലേക്കുള്ള സന്ദർശനങ്ങൾക്കായി തിരക്കൊഴിഞ്ഞ സമയങ്ങൾ തിരഞ്ഞെടുക്കേണ്ടതാണ്.
  • പലവ്യഞ്ജനങ്ങൾ, പഴം, പച്ചക്കറി, മത്സ്യം, മാംസം എന്നിവ വാങ്ങുന്നതിനായി പരമാവധി ഓൺലൈൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തേണ്ടതാണ്.
  • വ്യാപാരശാലകൾ സന്ദർശിക്കുന്ന സാഹചര്യങ്ങളിൽ പണമിടപാടിനായി കഴിയുന്നതും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടതാണ്.
  • വ്യാപാരശാലകളിലെ ട്രോളികൾ ഉപയോഗിക്കുന്നതിന് മുൻപ് അവയുടെ ഹാൻഡിൽ അണുവിമുക്തമാക്കേണ്ടതാണ്. വ്യാപാരശാലകളിലെ പ്രതലങ്ങളിലും മറ്റും സ്പർശിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
  • വാണിജ്യകേന്ദ്രങ്ങളിലും മറ്റും ലിഫ്റ്റുകളുടെ ഉപയോഗം ഒഴിവാക്കേണ്ടതാണ്. പകരം എസ്‌കലേറ്റർ, പടികൾ എന്നിവ ഉപയോഗിക്കേണ്ടതാണ്.
  • ഷോപ്പിങ്ങിന് നടത്തി വീടുകളിലെത്തിയ ശേഷം സാധനങ്ങൾ ഡിസ്ഇൻഫെക്‌റ്റെന്റ് അടങ്ങിയ ടിഷ്യു ഉപയോഗിച്ച് ശുചിയാക്കേണ്ടതാണ്. പഴം, പച്ചക്കറി മുതലായവ കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കേണ്ടതാണ്.