അബുദാബി: സ്പോർട്സ് അക്കാദമികളിൽ കൂട്ടായ പരിശീലനം നടത്തുന്നതിന് അനുമതി നൽകി

UAE

എമിറേറ്റിലെ 12 മുതൽ 18 വയസ്സുവരെ പ്രായമുള്ളവർക്കുള്ള സ്പോർട്സ് അക്കാദമികളിൽ ഒറ്റയ്ക്കും, കൂട്ടമായും പരിശീലന പരിപാടികൾ പുനരാരംഭിക്കുന്നതിന് അബുദാബി സ്പോർട്സ് കൗൺസിൽ (ADSC) അനുമതി നൽകി. ടീം അടിസ്ഥാനമാക്കിയുള്ള കായിക വിനോദങ്ങളിൽ പരമാവധി അഞ്ച് പേർ വീതം അടങ്ങിയ രണ്ട് ടീമുകൾക്ക് ഒരുമിച്ച് പരിശീലനം നടത്താവുന്നതാണ്.

ഇത്തരം പരിശീലന പരിപാടികൾ ADSC-യുടെ മുൻ‌കൂർ അനുവാദം നേടിയ ശേഷമാണ് നടത്തുന്നതിന് അനുവദിച്ചിട്ടുള്ളത്. ഇത്തരം കായിക വിനോദ പരിശീലന കേന്ദ്രങ്ങളിൽ COVID-19 പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും ADSC നൽകിയിട്ടുണ്ട്.

  • പരിശീലന കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപായി, പരിശീലകർ, മേൽനോട്ടം വഹിക്കുന്ന ജീവനക്കാർ, സഹായികൾ തുടങ്ങി മുഴുവൻ ജീവനക്കാർക്കും COVID-19 നെഗറ്റീവ് പരിശോധനാ ഫലം ഉറപ്പാക്കേണ്ടതാണ്.
  • ജീവനക്കാർക്കിടയിൽ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തേണ്ടതാണ്.
  • വിവിധ സംഘങ്ങൾക്ക് പരിശീലന സമയങ്ങൾ അനുവദിച്ച് നൽകുന്നതിനായി പ്രത്യേക ബുക്കിംഗ് രെജിസ്‌ട്രേഷൻ ഏർപ്പെടുത്തേണ്ടതാണ്.
  • പരിശീലനത്തിനായി എത്തുന്നവരുടെ മുഴുവൻ വിവരങ്ങൾ, ശരീരോഷ്മാവ് എന്നിവ രേഖപ്പെടുത്തേണ്ടതാണ്.
  • ഇത്തരം കേന്ദ്രങ്ങളിലെ മുഴുവൻ ഇടങ്ങളും, പരിശീലന ഉപകരണങ്ങൾ ഉൾപ്പടെ അണുവിമുക്തമാക്കേണ്ടതാണ്.
  • ഓരോ പരിശീലന പരിപാടികൾക്ക് മുൻപായും, പരിശീലന പരിപാടികൾക്കിടയിലും ശരീരോഷ്മാവ് പരിശോധിക്കേണ്ടതാണ്.
  • പരിശീലനത്തിൽ ഏർപ്പെടുന്ന സമയങ്ങളിൽ ഒഴികെ മുഴുവൻ സമയവും മാസ്കുകളുടെ ഉപയോഗം ഉറപ്പാക്കേണ്ടതാണ്.
  • പരിശീലനത്തിൽ പങ്കെടുക്കുന്നവരുടെ സ്വകാര്യ പരിശീലന ഉപകരണങ്ങൾ മറ്റുള്ളവരുമായി പങ്കിടാൻ അനുവദിക്കരുത്.
  • 2 മീറ്റർ എങ്കിലും സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
  • സമൂഹ അകലം ഓർമ്മപ്പെടുത്തുന്ന അടയാളങ്ങൾ പതിക്കേണ്ടതാണ്.
  • മത്സര ഇനങ്ങളോ, ആഘോഷ പരിപാടികളോ സംഘടിപ്പിക്കാൻ അനുവദിക്കുന്നതല്ല.