അബുദാബിയിൽ, എമിറേറ്റിന്റെ വിവിധ മേഖലകളിലേക്കും, എമിറേറ്റിന് പുറത്തേക്കുമുള്ള യാത്രകൾക്ക് ജൂൺ 2 മുതൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ, ജൂൺ 9, ചൊവ്വാഴ്ച്ച മുതൽ, ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടിയതായി അധികൃതർ അറിയിച്ചു. ജൂൺ 2 മുതൽ ഒരാഴ്ചത്തേക്കാണ് അബുദാബിയിലെ നിയന്ത്രണങ്ങൾ എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ജൂൺ 9-നു പുലർച്ചെയാണ് എമിറേറ്റിലെ COVID-19 പ്രതിരോധവുമായി ബന്ധപ്പെട്ട എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി നിയന്ത്രണങ്ങൾ ഒരാഴ്ച്ച കൂടി തുടരാൻ തീരുമാനിച്ചതായി അറിയിച്ചത്.
ഇതിന്റെ ഭാഗമായി അബുദാബിയിൽ നിന്ന് മറ്റു എമിറേറ്റുകളിലേക്കും, തിരികെ അബുദാബിയിലേക്കുമുള്ള യാത്രകൾക്കും, അബുദാബി, അൽ ഐൻ, അൽ ദഫ്റ മുതലായ എമിറേറ്റിന്റെ വിവിധ മേഖലകൾ തമ്മിലുള്ള യാത്രകൾക്കും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഒരാഴ്ച്ചത്തേക്ക് കൂടി തുടരും. അബുദാബിയിലെ ഓരോ മേഖലയിലെയും നിവാസികൾക്ക്, അതാത് മേഖലകൾക്കുള്ളിൽ, അണുനശീകരണ പ്രവർത്തനങ്ങളുടെ സമയങ്ങളിൽ ഒഴികെ, സഞ്ചരിക്കുന്നതിനുള്ള അനുവാദം ഉണ്ടായിരിക്കും. അടിയന്തിര ആവശ്യങ്ങൾക്കായി മറ്റു മേഖലകളിലേക്ക് യാത്രകൾ ചെയ്യുന്നവർക്ക് ജൂൺ 2 മുതൽ ഏർപ്പെടുത്തിയിട്ടുള്ള മൂവ്മെന്റ് പെർമിറ്റ് സംവിധാനവും തുടരും.
https://es.adpolice.gov.ae/en/movepermit എന്ന വിലാസത്തിലൂടെ ഇത്തരം യാത്രകൾക്കുള്ള മൂവ്മെന്റ് പെർമിറ്റിന് അപേക്ഷിക്കാവുന്നതാണ്. മര്മ്മപ്രധാനമായ തൊഴിൽ മേഖലകളിലെ ജീവനക്കാർ, ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ടവർ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ (മറ്റു മേഖലകളിലെയോ, എമിറേറ്റുകളിലെയോ ആശുപത്രികൾ സന്ദർശിക്കുന്നതിനായി) എന്നിവർക്കു യാത്രകൾക്കായി ഈ സംവിധാനത്തിലൂടെ മൂവ്മെന്റ് പെർമിറ്റുകൾ നേടാവുന്നതാണ്.
അബുദാബിയിലുടനീളം റെസിഡൻഷ്യൽ മേഖലകൾ ഉൾപ്പടെ വിവിധ ഇടങ്ങളിൽ തീവ്രമായ COVID-19 പരിശോധനകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഈ പരിശോധനകൾ നടപ്പിലാക്കുന്ന കാലയളവിൽ എമിറേറ്റിന്റെ വിവിധ മേഖലകളിലെ പൊതുജനങ്ങൾ തമ്മിൽ ഇടപഴകുന്നത് നിയന്ത്രിക്കുന്നതിനും, വൈറസ് വ്യാപനം തടയുന്നതിനുമായാണ് ഈ യാത്രാ വിലക്കുകൾ ലക്ഷ്യമിടുന്നത്. യു എ ഇ പൗരന്മാർ ഉൾപ്പടെ അബുദാബിയിലെ മുഴുവൻ നിവാസികൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണെന്നു അറിയിച്ച പോലീസ്, പൊതുജനങ്ങളോട് ഈ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.