ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റിന്റെ (DED) നിർദ്ദേശങ്ങൾക്ക് അനുസരിച്ച് അബുദാബിയിലെ ഷോപ്പിംഗ് മാളുകൾ തുറന്ന് പ്രവർത്തിക്കാനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി കർശനമായ നിർദ്ദേശങ്ങളാണ് ഇതിന്റെ ഭാഗമായി
ഷോപ്പിംഗ് കേന്ദ്രങ്ങൾക്ക് നൽകിയിട്ടുള്ളത്.
ഷോപ്പിംഗിനായി മാളുകൾ തുറക്കുന്നതിനനുസരിച്ച് ഇത്തരം കേന്ദ്രങ്ങളിൽ എത്തുന്ന ഉപഭോക്താക്കൾ നിർബന്ധമായും പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും DED പങ്കുവെച്ചിട്ടുണ്ട്:
- ഉപഭോക്താക്കൾക്ക് മാസ്കുകൾ, കയ്യുറകൾ എന്നിവ നിർബന്ധമാണ്.
- മാളുകളിൽ പ്രവേശിക്കുമ്പോഴും, മാളുകളിൽ നിന്ന് പുറത്തിറങ്ങുമ്പോഴും കൈകൾ അണുനാശിനി ഉപയോഗിച്ച് ശുചിയാക്കുക.
- 60 വയസ്സിനു മുകളിൽ പ്രായം ഉള്ളവർക്ക് മാളുകളിൽ പ്രവേശനം അനുവദിക്കില്ല.
- കറൻസി ഇടപാടുകൾ അനുവദിക്കില്ല. ഡിജിറ്റൽ പണമിടപാടുകൾ മാത്രമേ അനുവദിക്കൂ.
- കഴിയുന്നതും സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള ബാഗുകൾ വീടുകളിൽ നിന്ന് കയ്യിൽ കരുതാൻ ശ്രമിക്കുക.
- മാളുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും സമൂഹ അകലം നിർബന്ധമായും പാലിക്കുക. മറ്റുള്ളവരിൽ നിന്ന് 2 മീറ്റർ എങ്കിലും അകലം പാലിക്കുക
- മാളുകളിലെ വസ്ത്ര വ്യാപാര കേന്ദ്രങ്ങളിൽ ട്രയൽ റൂമുകൾ പ്രവർത്തിക്കുന്നതല്ല. വസ്ത്രങ്ങൾ, മേക്കപ്പ് മുതലായവ വാങ്ങുന്നതിനു മുൻപ് ധരിച്ച് നോക്കുന്നതിനുള്ള സൗകര്യം താത്കാലികമായി അനുവദിക്കുന്നതല്ല.
- വാങ്ങുന്ന സാധങ്ങൾ തിരികെയെടുക്കുകയോ, മാറ്റി നൽകുകയോ ചെയ്യുന്നതല്ല.