വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി 233 പുതിയ പാർക്കിങ്ങ് ഇടങ്ങൾ കൂടി ആരംഭിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. അൽ നഹ്യാൻ ക്യാമ്പ് ഏരിയയിലെ (അൽ മമൗറ) E25 സെക്ടറിലാണ് ഈ പുതിയ പാർക്കിങ്ങ് ഇടങ്ങൾ ആരംഭിച്ചിട്ടുള്ളത്.
നവംബർ 18, ബുധനാഴ്ച്ചയാണ് ITC ഇക്കാര്യം അറിയിച്ചത്. ഈ മേഖലയിൽ വാഹനങ്ങൾ ക്രമമില്ലാതെ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിനും, പൊതു ജനങ്ങൾക്ക് കൂടുതൽ പാർക്കിങ്ങ് സൗകര്യങ്ങൾ നൽകുന്നതിനുമാണ് ഈ നടപടിയെന്ന് ITC അറിയിച്ചു.
പുതിയ പാർക്കിങ്ങ് ആരംഭിച്ചിട്ടുള്ള സെക്ടറിന്റെ വടക്ക് ഭാഗത്ത് ഡൽമ സ്ട്രീറ്റ്, തെക്ക്-പടിഞ്ഞാറ് ഭാഗത്ത് അൽ മമൗറ സ്ട്രീറ്റ്, കിഴക്ക് ഭാഗത്ത് അൽ ഖുബ് സ്ട്രീറ്റ് എന്നിവയാണ് സ്ഥിതി ചെയ്യുന്നത്. പുതിയതായി ആരംഭിച്ചിട്ടുള്ള 229 പാർക്കിങ്ങ് ഇടങ്ങൾ സാധാരണ വാഹനങ്ങൾക്കും, 4 ഇടങ്ങൾ ശാരീരിക വൈകല്യങ്ങളുള്ളവരുടെ വാഹനങ്ങൾക്കുമാണെന്ന് ITC വ്യക്തമാക്കി. വാഹനങ്ങൾ നിർത്തിയിടുന്നതിന് ഈ പാർക്കിങ്ങ് ഇടങ്ങൾ ഉപയോഗിക്കാനും, പാർക്കിങ്ങ് നിയമങ്ങൾ പാലിക്കാനും, ട്രാഫിക് തടസങ്ങൾ സൃഷ്ടിക്കുന്ന തരത്തിൽ വാഹനങ്ങൾ നിർത്തുന്നത് ഒഴിവാക്കാനും പൊതുജനങ്ങളോട് ITC ആവശ്യപ്പെട്ടിട്ടുണ്ട്.