അബുദാബി: ഉപഭോഗ വസ്തുക്കളുടെയും, ഭക്ഷ്യവിഭവങ്ങളുടെയും വിതരണമുറപ്പിക്കാനായി നടപടികൾ

GCC News

അബുദാബിയിലെ പൊതുസമൂഹത്തിൽ നിലവിലെ സാഹചര്യത്തിൽ ആവശ്യമായ ഉപഭോഗ വസ്തുക്കളുടെയും, ഭക്ഷ്യവിഭവങ്ങളുടെയും ലഭ്യത ഉറപ്പാക്കുന്നതിനായി നടപടികളുമായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്പ്മെന്റ് (DED). പൊതുജനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ സുഗമമായി ലഭ്യമാകുന്നതിനായി പ്രാദേശികമായി ആശ്രയിക്കാവുന്ന വിതരണ സംവിധാനങ്ങൾ ഒരുക്കുന്നതിനായാണ് DED അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT), ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC), അഗ്തിയ ഗ്രൂപ്പ് എന്നിവരുമായി ചേർന്ന് ഈ നടപടികൾ കൈകൊണ്ടിട്ടുള്ളത്.

വിതരണം സുഗമമാക്കാൻ DMT-യുമായി ചേർന്ന് ആവശ്യവസ്തുക്കളുടെയും ഭക്ഷണസാധനങ്ങളുടെയും കൂടുതൽ വിപണന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനായുള്ള നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനായി സാമൂഹിക പരിപാടികൾക്കായി ഉപയോഗിക്കുന്ന കൺവെൻഷൻ കേന്ദ്രങ്ങൾ, ഇവന്റ് ഹാളുകൾ എന്നിവ ഭക്ഷണ സാധനങ്ങൾ, ഉപഭോഗ വസ്തുക്കൾ മുതലായവയുടെ വിപണന കേന്ദ്രങ്ങളാക്കി മാറ്റും. DED അഗ്തിയ ഗ്രൂപ്പുമായി ചേർന്ന് ആവശ്യ വസ്തുക്കൾ ഉപഭോക്താവിന് ഓൺലൈനിലൂടെ വാങ്ങുന്നതിനുള്ള സ്മാർട്ട് ഫോൺ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ ഓർഡറുകൾക്കനുസരിച്ച് ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിന് ITC ആവശ്യമായ സംവിധാനങ്ങൾ ഒരുക്കും.

നിലവിലെ സാഹചര്യങ്ങളിൽ സമൂഹത്തിനു സഹായമേകാനും, സൂപ്പർ മാർക്കറ്റുകളിലെയും, മറ്റു കച്ചവട കേന്ദ്രങ്ങളിലെയും ജനത്തിരക്ക് ഒഴിവാക്കാനും, കൊറോണാ വൈറസ് വ്യാപനം തടയുന്നതിനായി ജനങ്ങൾ ക്രമാധികമായി കൂട്ടം കൂടുന്ന അവസ്ഥകൾ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് DED ഈ നടപടികൾ പ്രാവർത്തികമാക്കിയിട്ടുള്ളത്.

ആരോഗ്യ സുരക്ഷാ നടപടികളുടെ ഭാഗമായി സൂപ്പർമാർക്കറ്റിലേക്ക് പ്രവേശിക്കാൻ തങ്ങളുടെ ഊഴം കാത്ത് കൃത്യമായ സമൂഹ അകലം പാലിച്ച് കൊണ്ട് വരി നിൽക്കുന്ന ഉപഭോക്താക്കൾ. അബുദാബിയിൽ നിന്നുള്ള ദൃശ്യം.

നിലവിൽ കൊറോണാ വൈറസ് വ്യാപനം ഒഴിവാക്കുന്നതിനായി സമൂഹ അകലം പാലിച്ച് കൊണ്ടും, കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചുമാണ് അബുദാബിയിൽ സൂപ്പർമാർക്കറ്റുകളും മറ്റു വാണിജ്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. സമൂഹ അകലം പാലിക്കുന്നതിനായി ഒരേ സമയം മുപ്പതിൽ കൂടുതൽ പേർക്ക് പ്രവേശനം അനുവദിക്കുന്നില്ല. സൂപ്പർമാർക്കറ്റുകളിലും മറ്റും പ്രവേശിക്കുന്നതിന് ആളുകൾ തമ്മിൽ അകലം പാലിച്ച് കൊണ്ടാണ് കാത്തുനിൽക്കുന്നത്. പൊതുജനങ്ങൾ ഇത്തരം ആരോഗ്യ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായും പാലിക്കുന്നത് വളരെ പ്രശംസനീയമാണ്.