എമിറേറ്റിലെ ട്രാഫിക്ക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് പുറത്തിറക്കി. അബുദാബിയിലുടനീളം റോഡ് സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിനും, ട്രാഫിക്ക് നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ അറിയിപ്പ്.
എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ പിടിച്ചെടുക്കപ്പെടാവുന്ന നിയമലംഘനങ്ങളുടെ വിവരങ്ങളും, വാഹനങ്ങൾ വിട്ടുകിട്ടുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട പിഴതുകകളും ഈ അറിയിപ്പിലൂടെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന രീതിയിലുള്ള അപകടങ്ങൾ, പൊതുനിരത്തുകളിൽ അനധികൃതമായി നടത്തുന്ന വാഹനങ്ങളുടെ മത്സരയോട്ടങ്ങൾ മുതലായ നിരവധി നിയമലംഘനങ്ങൾക്ക് വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനു പൊലീസിന് അധികാരമുണ്ട്.
അബുദാബിയിൽ വാഹനങ്ങൾ പിടിച്ചെടുക്കപ്പെടാവുന്ന നിയമലംഘനങ്ങൾ:
- പോലീസ് വാഹനങ്ങളുമായി കൂട്ടിയിടിക്കപെടുന്ന വാഹനങ്ങൾ – 50000 ദിർഹം പിഴ + പോലീസ് വാഹനത്തിന്റെ കേടുപാടുകൾ തീർക്കുന്നതിനുള്ള ചെലവ്.
- അമിതവേഗതയാൽ റോഡപകടങ്ങൾക്കിടയാക്കുന്ന വാഹനങ്ങൾ, സുരക്ഷിതമായ അകലം പാലിക്കാതെ അപകടമുണ്ടാക്കുന്ന വാഹനങ്ങൾ, കാൽനടക്കാർക്ക് മുൻഗണന കൊടുക്കാതെ അപകടത്തിനിടയാക്കുന്ന വാഹനങ്ങൾ – 5000 ദിർഹം പിഴ.
- പൊതുനിരത്തുകളിൽ അനധികൃതമായി മത്സരയോട്ടങ്ങൾ നടത്തുന്ന വാഹനങ്ങൾ – 50000 ദിർഹം പിഴ.
- 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ മുൻസീറ്റിൽ യാത്രചെയ്യിക്കാൻ അനുവദിക്കുന്ന വാഹനങ്ങൾ – 5000 ദിർഹം പിഴ.
- സാധുതയുള്ള നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾ – 50000 ദിർഹം പിഴ.
- 7000 ദിർഹത്തിലധികം പിഴത്തുക ഒടുക്കാൻ ബാക്കിയുള്ള വാഹനങ്ങൾ – വാഹനങ്ങൾ വിട്ടുകിട്ടാൻ മുഴുവൻ പിഴത്തുകയും ഒടുക്കേണ്ടതാണ്.
- മറ്റുള്ളവരുടെയോ, സ്വന്തം ജീവനോ അപകടത്തിനിടയാക്കുന്ന രീതിയിൽ ഡ്രൈവ് ചെയ്യപ്പെടുന്ന വാഹനങ്ങൾ – 50000 ദിർഹം പിഴ.
- ട്രാഫിക്ക് സിഗ്നലിൽ റെഡ് ലൈറ്റ് മറികടക്കുന്ന വാഹനങ്ങൾ – 50000 ദിർഹം പിഴ + ലൈസൻസ് 6 മാസത്തേക്ക് കണ്ടുകെട്ടുന്നതാണ്.
- അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ – 10000 ദിർഹം പിഴ.
- നിശ്ചയിക്കപ്പെട്ട വേഗ പരിധിയേക്കാൾ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ – 5000 ദിർഹം പിഴ.
പിടിച്ചെടുക്കപ്പെട്ട് മൂന്ന് മാസത്തിനകം തിരികെയെടുക്കുന്നതിനായി ഉടമകൾ ഹാജരാകാത്ത വാഹനങ്ങൾ ലേലം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.