അബുദാബിയിൽ ജൂൺ 2, ചൊവ്വാഴ്ച്ച മുതൽ ഒരാഴ്ചത്തേക്ക്, എമിറേറ്റിന്റെ വിവിധ മേഖലകളിലേക്കും, എമിറേറ്റിന് പുറത്തേക്കുമുള്ള യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി COVID-19 പ്രതിരോധവുമായി ബന്ധപ്പെട്ട അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു. അബുദാബി പോലീസ്, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് എന്നിവരുമായി ചേർന്ന് സംയുക്തമായാണ് കമ്മിറ്റി ഈ തീരുമാനം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി അബുദാബിയിൽ നിന്ന് മറ്റു എമിറേറ്റുകളിലേക്കും, തിരികെ അബുദാബിയിലേക്കും ഈ കാലയളവിൽ യാത്രകൾ അനുവദിക്കില്ല. ഇത് കൂടാതെ അബുദാബി, അൽ ഐൻ, അൽ ദഫ്‌റ മുതലായ എമിറേറ്റിന്റെ വിവിധ മേഖലകൾ തമ്മിലുള്ള യാത്രകളും വിലക്കിയിട്ടുണ്ട്.
യു എ ഇ പൗരന്മാർ ഉൾപ്പടെ അബുദാബിയിലെ മുഴുവൻ നിവാസികൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണ്. മര്‍മ്മപ്രധാനമായ തൊഴിൽ മേഖലകളിലെ ജീവനക്കാർക്ക് തൊഴിൽ ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്നതിനും, ചരക്ക് ഗതാഗതത്തിനും പ്രത്യേക പെർമിറ്റുകൾ അനുവദിക്കുന്നതാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് ആശുപത്രികൾ സന്ദർശിക്കുന്നതിനായി ഈ വിലക്കുകളിൽ ഇളവുകൾ നൽകുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. അബുദാബിയിലെ ഓരോ മേഖലയിലെയും നിവാസികൾക്ക്, അതാത് മേഖലകൾക്കുള്ളിൽ, അണുനശീകരണ പ്രവർത്തനങ്ങളുടെ സമയങ്ങളിൽ ഒഴികെ, സഞ്ചരിക്കുന്നതിനു അനുവാദം ഉണ്ടായിരിക്കുന്നതാണ്.
നിലവിൽ അബുദാബിയിൽ നടപ്പിലാക്കുന്ന നാഷണൽ സ്‌ക്രീനിങ്ങ് പ്രോഗ്രാം ഫലപ്രദമകുന്നതിനായി പൊതുജനങ്ങൾ തമ്മിൽ ഇടപഴകുന്നത് നിയന്ത്രിക്കുന്നതിനും, വൈറസ് വ്യാപനം തടയുന്നതിനുമായാണ് ഈ യാത്രാ വിലക്കുകൾ എന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.