ദേശീയ അണുനശീകരണ യജ്ഞം: അബുദാബിയിൽ രാത്രി 10 മുതൽ രാവിലെ 6 വരെ പരിശോധനകൾ കർശനമാക്കി

GCC News

അബുദാബിയിലെ അണുനശീകരണ പ്രവർത്തനങ്ങളും, ശുചീകരണ നടപടികളും നടപ്പിലാക്കുന്ന രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള കാലയളവിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയതായി അബുദാബി പോലീസ് അറിയിച്ചു. ഇതിനായി റോഡുകളിലെ റഡാർ ഉപകരണങ്ങളും സ്മാർട്ട് സംവിധാനങ്ങളും രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള നിയമലംഘനങ്ങൾ പിടികൂടുന്നതിനായി തയ്യാറാക്കിയിട്ടുണ്ട്.

ഇത്തരത്തിൽ നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ പിഴ ചുമത്തുമെന്നും പോലീസ് വ്യക്തമാക്കി. നിയമലംഘനങ്ങൾ ഇല്ലായെന്ന് ഉറപ്പിക്കുന്നതിനായി പ്രത്യേക പട്രോളിംഗ് സംവിധാനങ്ങളും ഏർപെടുത്തിയിട്ടുണ്ട്.

അടിയന്തിര ആവശ്യങ്ങൾക്കായി മാത്രമേ ഈ കാലയളവിൽ ജനങ്ങൾക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിന് അനുവാദം നല്കുയിട്ടുള്ളു എന്ന് അധികൃതർ ഓർമിപ്പിച്ചു. പൊതു സമൂഹത്തിന്റെ സുരക്ഷയ്ക്കായി അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന സമയം ജനങ്ങൾ വീടുകളിൽ തുടരണം.

സമൂഹ അകലം പാലിക്കാനും, മാസ്ക് ഉൾപ്പടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാനും ജനങ്ങളോട് പോലീസ് ആഹ്വാനം ചെയ്തു. അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന സമയത്ത് അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ വീടുകൾക്ക് പുറത്തിറങ്ങുന്നവർക്ക് 2000 ദിർഹമാണ് പിഴ ചുമത്തുക.