അബുദാബി: അൽ വത്ബയിൽ ഫാർമേഴ്‌സ് മാർക്കറ്റ് ആരംഭിച്ചു

UAE

അൽ വത്ബയിൽ അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) ഒരു ഫാർമേഴ്‌സ് മാർക്കറ്റ് ആരംഭിച്ചതായി മീഡിയ ഓഫീസ് അറിയിച്ചു. എമിറേറ്റിലെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും, പ്രാദേശിക കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണിത്.

പ്രാദേശിക കർഷകർക്ക് തങ്ങളുടെ വിളകൾ നേരിട്ട് വില്പന നടത്തുന്നതിനുള്ള ഒരു സംവിധാനം എന്ന രീതിയിലാണ് ഈ കർഷക ചന്ത പ്രവർത്തിക്കുന്നത്. ഈ ഫാർമേഴ്‌സ് മാർക്കറ്റിലെ നാല്പതോളം സ്റ്റോറുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രാദേശിക കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ വിളവെടുത്ത് 24 മണിക്കൂറിനകം തന്നെ ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കാവുന്നതാണ്.

പൂർണ്ണമായ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തിക്കൊണ്ടാണ് ADAFSA-യുടെ കീഴിൽ ഈ മാർക്കറ്റ് പ്രവർത്തിക്കുന്നത്. ഈ മാർക്കറ്റിന്റെ പ്രവർത്തനം താഴെ പറയുന്ന സമയക്രമങ്ങൾ പാലിച്ച് കൊണ്ടാണ്:

  • വെള്ളിയാഴ്ച – ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണിവരെ.
  • ശനി, ഞായർ – രാവിലെ 10 മണി മുതൽ രാത്രി 10 മണിവരെ.