യു എ ഇ: അബുദാബിയിലെ വിദ്യാലയങ്ങളിൽ ADEK അധികൃതർ കർശന പരിശോധനകൾ തുടരുന്നു

GCC News

COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി എമിറേറ്റിലെ നഴ്സറികളുൾപ്പടെയുള്ള മുഴുവൻ വിദ്യാലയങ്ങളിലും അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) അധികൃതർ കർശനമായ പരിശോധനകൾ നടപ്പിലാക്കുന്നു. എമിറേറ്റിലെ വിദ്യാലയങ്ങളിൽ വിദ്യാർഥികൾ നേരിട്ടെത്തുന്ന രീതിയിലുള്ള പഠന സമ്പ്രദായം പുനരാരംഭിച്ച സാഹചര്യത്തിലാണ്, വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും, അധ്യാപകരുടെയും, സ്‌കൂൾ ജീവനക്കാരുടെയും, പൊതു സമൂഹത്തിന്റെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ADEK ഈ പരിശോധനാ നടപടികൾ കൈകൊണ്ടിട്ടുള്ളത്.

പൊതുസമൂഹത്തിന്റെ സംരക്ഷണത്തിനാണ് തങ്ങൾ മുൻ‌തൂക്കം നൽകുന്നതെന്ന് ADEK അണ്ടർ സെക്രട്ടറി അമീർ അൽ ഹമ്മാദി അറിയിച്ചു. തങ്ങളുടെ കീഴിലുള്ള വിദ്യാലയങ്ങളിലും, നഴ്സറികളിലും സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ രക്ഷിതാക്കൾക്കിടയിൽ ആത്‌മവിശ്വാസം ഉയർത്തുന്നതിന് കർശന പരിശോധനകൾക്ക് വലിയ പങ്ക് ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മുഴുവൻ വിദ്യാലയങ്ങളിലും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും വീഴ്ച്ചകൾ കൂടാതെ നടപ്പിലാക്കുന്നുണ്ടെന്ന് ഈ പരിശോധനകളിലൂടെ ഉറപ്പാക്കുമെന്നും, വീഴ്ച്ചകൾ കണ്ടെത്തുന്ന വിദ്യാലയങ്ങൾക്ക് കനത്ത പിഴ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 2020 ഓഗസ്റ്റിൽ സമാനമായ പരിശോധനകളിലൂടെ എമിറേറ്റിലെ 220 വിദ്യാലയങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും നടപ്പിലാക്കുന്നതായി ADEK ഉറപ്പാക്കിയിരുന്നു.

2021 ഫെബ്രുവരി 21 വരെ 221 സ്‌കൂളുകളിലും, 119 നഴ്സറികളിലും ADEK പരിശോധനകൾ നടത്തിയിട്ടുണ്ട്. സമൂഹ അകലം, COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുള്ള പ്രത്യേക കർമ്മസമിതിയുടെ സാന്നിദ്ധ്യം, വിദ്യാലയങ്ങളിലെ അണുനശീകരണ പ്രവർത്തനങ്ങൾ, അധ്യാപകർ, ജീവനക്കാർ, 12 വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യാർഥികൾ എന്നീ വിഭാഗങ്ങളിലെ കൃത്യമായ COVID-19 ടെസ്റ്റുകൾ തുടങ്ങിയ അറുപത്തിരണ്ടോളം സുരക്ഷാ മാനദണ്ഡങ്ങളാണ് ADEK പരിശോധനകളുടെ ഭാഗമായി വിദ്യാലയങ്ങളിൽ ഉറപ്പ് വരുത്തുന്നത്. ഇതിൽ കണ്ടെത്തുന്ന വീഴ്ച്ചകൾക്ക് 10000 മുതൽ 250000 ദിർഹം വരെയുള്ള പിഴയും ADEK വിദ്യാലയങ്ങൾക്ക് ചുമത്തുന്നുണ്ട്.

വീഴ്ച്ചകൾ തുടരുന്ന വിദ്യാലയങ്ങളിൽ പൂർണ്ണമായും വിദൂര വിദ്യാഭ്യാസ രീതി നടപ്പിലാക്കുക, രക്ഷിതാക്കൾക്ക് കുട്ടികളെ സ്‌കൂളുകളിൽ നിന്ന് പിൻവലിക്കാനുള്ള അവകാശം നല്കുക, ഇത്തരം വിദ്യാർത്ഥികൾക്ക് മുഴുവൻ ഫീസും മടക്കിനൽകുക തുടങ്ങിയ നടപടികളും ADEK കൈക്കൊള്ളുന്നതാണ്. വിദ്യാലയങ്ങളിൽ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരുമെന്നും ADEK വ്യക്തമാക്കിയിട്ടുണ്ട്.