നിലവിലെ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു

GCC News

നിലവിലെ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. 2026 മാർച്ച് 13-നാണ് അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചത്.

അബുദാബി പൊലീസിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇത്തരത്തിൽ അറസ്റ്റിലായിരിക്കുന്നത്.

ആക്രമണങ്ങൾ നടന്ന ഇടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ ചിത്രീകരിച്ചതിനും, അവ ഓൺലൈനിൽ പ്രസിദ്ധീകരിച്ചതിനും, ഇതിനൊപ്പം തെറ്റായതും, തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ പ്രചരിപ്പിച്ചതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പങ്കിടുന്നതും, നിലവിലെ സംഭവങ്ങൾ ചിത്രീകരിക്കുന്നതും നിയമനടപടികൾക്ക് കാരണമായേക്കാമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത്തരം പോസ്റ്റുകൾ പൊതുജനങ്ങളിൽ ആശങ്കയുണ്ടാക്കുകയും സമൂഹത്തിൽ കിംവദന്തികൾ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. അറസ്റ്റ് ചെയ്യപ്പെട്ടവർക്കെതിരെ ആവശ്യമായ നിയമപരവും, ഭരണപരവുമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അബുദാബി പോലീസ് സ്ഥിരീകരിച്ചു.

സ്രോതസ്സുകളുടെ ആധികാരികത ഉറപ്പില്ലാത്തതും, സ്ഥിരീകരിക്കാത്തതുമായ ഉള്ളടക്കം ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും, പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ടുനിൽക്കേണ്ടതിന്റെ പ്രാധാന്യം പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും, നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്.