അബുദാബി: ഡ്രൈവിങ്ങിലെ അമിതവേഗം, അശ്രദ്ധ എന്നിവ റോഡപകടങ്ങളിലേക്ക് നയിക്കുന്നതായി അബുദാബി പോലീസ്

UAE

ഡ്രൈവിങ്ങിലെ അമിതവേഗം, അശ്രദ്ധ എന്നിവയാണ് എമിറേറ്റിലെ റോഡപകടങ്ങൾക്ക് മുഖ്യകാരണമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. 2021-ലെ ആദ്യ മൂന്ന് മാസങ്ങളിലെ റോഡപകടങ്ങളുടെ കണക്കുകൾ ഉദ്ധരിച്ചാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഡ്രൈവിങ്ങിൽ ഏകാഗ്രത പുലർത്തുന്നതിൽ ഉണ്ടാകുന്ന വീഴ്ച്ചകൾക്കിടയാക്കുന്ന വിവിധ കാരണങ്ങളും അബുദാബി പോലീസ് ചൂണ്ടിക്കാട്ടി. വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോണുകളിൽ സംസാരിക്കുക, സന്ദേശങ്ങൾ അയക്കുക, ഭക്ഷണപാനീയങ്ങൾ ഉപയോഗിക്കുക, സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ കൈമാറുക, ഫോട്ടോ എടുക്കുക മുതലായ പ്രവർത്തികൾ ഡ്രൈവർമാരുടെ ശ്രദ്ധ റോഡിൽ നിന്ന് മാറുന്നതിന് ഇടയാക്കുമെന്നും, ഇവ അപകടങ്ങളിലേക്ക് നയിക്കാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഇത്തരം പ്രവർത്തികൾ വാഹനങ്ങൾ ഒരു ലൈനിൽ നിന്ന് മറ്റൊരു ലൈനിലേക്ക് ഡ്രൈവർ അറിയാതെ വ്യതിചലിക്കുന്നതിനും മറ്റും ഇടയാക്കാമെന്നും, അതിനാൽ ഡ്രൈവ് ചെയ്യുന്ന അവസരത്തിൽ റോഡിലേക്ക് പൂർണ്ണ ശ്രദ്ധ പുലർത്താനും ഡ്രൈവർമാരെ അധികൃതർ ഓർമ്മപ്പെടുത്തി. റോഡ് നിയമങ്ങൾ അവഗണിക്കുന്നതും, സുരക്ഷിതമായി വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടുന്നതുമാണ് അപകടങ്ങളിലേക്ക് നയിക്കുന്നതെന്ന് പോലീസ് കൂട്ടിച്ചേർത്തു. അശ്രദ്ധയോടുള്ള ഡ്രൈവിംഗ് ശീലങ്ങൾ, വാഹനങ്ങൾ പെട്ടന്ന് വെട്ടിത്തിരിക്കുന്നത് പോലുള്ള പ്രവർത്തികൾ, അമിതവേഗം, മുന്നിലെ വാഹനവുമായി നിശ്ചിത അകലം പാലിക്കാതെയുള്ള ഡ്രൈവിംഗ്, മറ്റു റോഡുകളിലേക്ക് തിരിയുന്ന വേളയിൽ റോഡ് സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിൽ വരുത്തുന്ന വീഴ്ച്ചകൾ എന്നിവ ഒഴിവാക്കാനും, റോഡിൽ സുരക്ഷിതരാകാനും അബുദാബി പോലീസ് ഡ്രൈവർമാരോട് ആഹ്വാനം ചെയ്തു.