അബുദാബി: റെഡ് സിഗ്നൽ ലംഘിച്ച 2850 പേർക്കെതിരെ 2021-ൽ നിയമനടപടികൾ സ്വീകരിച്ചതായി പോലീസ്

GCC News

എമിറേറ്റിലെ റോഡുകളിൽ ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിച്ച 2850 പേർക്കെതിരെ കഴിഞ്ഞ വർഷം നിയമനടപടികൾ സ്വീകരിച്ചതായി അബുദാബി പോലീസ് അറിയിച്ചു. 2022 ഫെബ്രുവരി 11-നാണ് അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചത്.

എമിറേറ്റിലെ റോഡുകളിൽ അശ്രദ്ധ കൊണ്ടും, മറ്റു കാരണങ്ങൾ കൊണ്ടും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് പാലിക്കാതിരിക്കുന്നവർക്ക് കനത്ത പിഴതുകകൾ ചുമത്തപ്പെടാമെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചിട്ടുണ്ട്.

അബുദാബിയിൽ ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നവർക്ക് താഴെ പറയുന്ന ശിക്ഷാ നടപടികൾ നേരിടേണ്ടി വരുന്നതാണ്:

  • 1000 ദിർഹം പിഴ.
  • 12 ബ്ലാക്ക് പോയിന്റ്.
  • റെഡ് സിഗ്നൽ ലംഘിക്കുന്നത് വാഹനം പിടിച്ചെടുക്കപ്പെടാവുന്ന നിയമലംഘനമാണ്. 30 ദിവസത്തേക്കാണ് വാഹനങ്ങൾ പിടിച്ചെടുക്കപ്പെടുന്നത്.
  • ഇത്തരത്തിൽ റെഡ് സിഗ്നൽ ലംഘിക്കുന്നതിന് വാഹനം പോലീസ് പിടിച്ചെടുക്കുകയാണെങ്കിൽ അത് വിട്ടുകിട്ടുന്നതിനായി 50000 ദിർഹം പിഴയായി അടക്കേണ്ടതാണ്. ഈ ഫീസ് അടയ്ക്കുന്നത് വരെ വാഹനം വിട്ടു കൊടുക്കുന്നതല്ല. പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഈ തുക അടച്ച് തിരികെ കൈപ്പറ്റാത്ത വാഹനങ്ങൾ ലേലം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
  • 6 മാസത്തേക്ക് ലൈസൻസ് കണ്ടുകെട്ടുന്നതാണ്.

അമിതവേഗം, അശ്രദ്ധ, മൊബൈൽ ഫോണിന്റെ ഉപയോഗം എന്നിങ്ങിനെ മൂന്ന് പ്രധാന കാരണങ്ങളാണ്, നാല്‍ക്കവലകളിലും മറ്റും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നതിലേക്ക് നയിക്കുന്നതെന്ന് ADP നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.