അബുദാബി: എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ വാഹനങ്ങളിൽ വെച്ച് പോകരുതെന്ന് വാഹന ഉടമകളോട് അബുദാബി പോലീസ് നിർദ്ദേശിച്ചു

UAE

വേനൽക്കാലം കനത്തതോടെ, വാഹനങ്ങൾക്കകത്ത് എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിച്ച് വെച്ച് പോകരുതെന്ന് വാഹന ഉടമകളോട് അബുദാബി പോലീസ് നിർദ്ദേശിച്ചു. അബുദാബി പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് രൂപം നൽകിയിട്ടുള്ള ‘സേഫ് സമ്മർ’ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഈ നിർദ്ദേശം.

വാഹനങ്ങളിൽ സൂക്ഷിക്കുന്ന എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ വേനൽച്ചൂടിൽ പെട്ടന്ന് കത്തുന്നത് മൂലം ഉണ്ടായേക്കാവുന്ന തീപിടുത്തം ഒഴിവാക്കുന്നതിനായാണ് അധികൃതർ ഇത്തരം ഒരു നിർദ്ദേശം നൽകിയത്. ഉയർന്ന സമ്മർദ്ദത്തിൽ വാതകങ്ങളോ മറ്റോ സൂക്ഷിച്ചിട്ടുള്ള കാനുകൾ, പെർഫ്യൂം അടങ്ങിയ കാനുകൾ, ഗ്യാസ് സിലിണ്ടർ, മൊബൈൽ ഫോൺ ചാർജ്ജറുകൾ, ബാറ്ററി, സിഗരറ്റ് ലൈറ്ററുകൾ മുതലായ വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കരുതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

എമിറേറ്റിൽ അംഗീകരിച്ചിട്ടുള്ളതും, കൃത്യമായി പ്രവർത്തിക്കുന്നതുമായ അഗ്നിശമനോപകരണങ്ങൾ വാഹനങ്ങളിൽ ഉറപ്പാക്കാനും പോലീസ് വാഹന ഉടമകളോടും, ഡ്രൈവർമാരോടും ആഹ്വാനം ചെയ്തു.