അബുദാബി: വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ വാഹനങ്ങൾ സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ പോലീസ് നിർദ്ദേശം

GCC News

എമിറേറ്റിലെ വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ വാഹനങ്ങൾ സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ അബുദാബി പോലീസ് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി. 2024 ഓഗസ്റ്റ് 25-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

വേനലവധിയ്ക്ക് ശേഷം പുതിയ അധ്യയനവർഷം ആരംഭിക്കുന്ന സാഹചര്യത്തിലാണ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. സ്‌കൂൾ പരിസരങ്ങളിൽ വാഹനങ്ങൾ അതീവ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ രക്ഷിതാക്കളോടും, സ്‌കൂൾ ബസ് ഡ്രൈവർമാരോടും അബുദാബി പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇതിന്റെ ഭാഗമായി അബുദാബി പോലീസ് താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്:

  • സ്കൂൾ പരിസരങ്ങളിൽ വാഹനങ്ങൾ അതീവ ജാഗ്രതയോടെ ഡ്രൈവ് ചെയ്യേണ്ടതാണ്. ഇത്തരം ഇടങ്ങളിൽ മുന്നറിയിപ്പില്ലാതെ കുട്ടികൾ റോഡിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ തീർത്തും ജാഗ്രത പുലർത്തേണ്ടതാണ്.
  • ഇത്തരം ഇടങ്ങളിൽ അശ്രദ്ധമായി വാഹനം ഡ്രൈവ് ചെയ്യരുത്.
  • ഇത്തരം മേഖലകളിൽ വേഗപരിധി സംബന്ധിച്ച നിബന്ധനകൾ കർശനമായി പാലിക്കേണ്ടതാണ്.
  • ഇത്തരം ഇടങ്ങളിൽ സിഗ്നലുകൾ, കാൽനടയാത്രികർക്ക് റോഡ് മുറിച്ച് കടക്കുന്നതിനുള്ള പാതകൾ, വഴിയോര പാതകൾ എന്നിവിടങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.
  • ഇത്തരം മേഖലകളിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യരുത്. പാർക്കിങ്ങിനായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രം വാഹനങ്ങൾ നിർത്തേണ്ടതാണ്.