എമിറേറ്റിലെ റോഡുകളിലെ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ കാൽനട യാത്രികർക്ക് മുൻഗണന നൽകാനും, ഇത്തരം ഇടങ്ങളിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കാനും ഡ്രൈവർമാരോട് അബുദാബി പോലീസ് ആവശ്യപ്പെട്ടു. ഏപ്രിൽ 16-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് നൽകിയത്.
പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ വേഗത കുറയ്ക്കാത്തതിനാൽ സംഭവിക്കുന്ന ഒരു അപകടത്തിന്റെ ദൃശ്യവും അധികൃതർ ഈ അറിയിപ്പിനൊപ്പം പങ്ക് വെച്ചിട്ടുണ്ട്. കാൽനട യാത്രികരുടെ സുരക്ഷ പ്രധാനമാണെന്ന് ഓർമ്മപ്പെടുത്തിയ അബുദാബി പോലീസ്, പദയാത്രികരുടെ സുരക്ഷയ്ക്കായി ജാഗ്രത പുലർത്താൻ വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു. അമിത വേഗത, റോഡ് സിഗ്നലുകളിലെ അശ്രദ്ധ മുതലായവ ഇത്തരം അപകടങ്ങൾക്കിടയാക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
കാല്‍നടക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നതിനായുള്ള ഇടങ്ങളിലും, ഉൾറോഡുകളിലും, വ്യവസായ മേഖലകളിലും, പാര്‍പ്പിടങ്ങളുള്ള ഇടങ്ങളിലും വാഹനങ്ങൾ കുറഞ്ഞ വേഗതയിൽ ഓടിക്കാനും, പദയാത്രികർക്ക് മുൻഗണന നൽകാനും ഡ്രൈവർമാരോട് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. പദയാത്രികർക്ക് മുൻഗണനയുള്ള ഇടങ്ങളിലെ ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾക്ക് 500 ദിർഹം പിഴയും, ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി.