അബുദാബി: റോഡിരികിൽ അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നതിനെതിരെ മുന്നറിയിപ്പ്

GCC News

അടിയന്തിര ഘട്ടങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതിനുള്ള റോഡുകളുടെ അരികിലുള്ള ലൈനുകളിൽ വാഹനങ്ങൾ നിർത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. 2024 ഓഗസ്റ്റ് 7-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

റോഡുകളുടെ ഹാർഡ് ഷോൾഡറുകളിൽ വാഹനങ്ങൾ നിർത്തുന്നത് അപകടങ്ങൾക്കിടയാക്കുമെന്ന്, ഇത്തരം അപകടങ്ങളുടെ ദൃശ്യങ്ങൾ പങ്ക് വെച്ച് കൊണ്ട് അബുദാബി പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അടിയന്തിര ഘട്ടങ്ങളിൽ പോലും ഇത്തരം വശങ്ങളിൽ വാഹനങ്ങൾ നിർത്തുന്നത് ഒഴിവാക്കാനും, എത്രയും വേഗം വാഹനം ഏറ്റവും അടുത്തുള്ള എക്സിറ്റിലേക്ക് മാറ്റുന്നതിന് ഡ്രൈവർമാർ മുൻഗണന നൽകണമെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാഹനങ്ങൾ തീർത്തും നീക്കാനാകാത്ത സാഹചര്യങ്ങളിൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ കമാൻഡ് ആൻഡ് കണ്ട്രോൾ സെന്ററിനെ വിവരമറിയിക്കേണ്ടതാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.