പാർക്ക് ചെയ്‌ത വാഹനങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ തനിച്ചാക്കി പോകുന്ന രക്ഷിതാക്കൾക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കിപ്പോകുന്നത് യു എ ഇ ട്രാഫിക്ക് നിയമപ്രകാരം ശിക്ഷാർഹമാണെന്ന് അബുദാബി പോലീസ് അറിയിച്ചിട്ടുണ്ട്.
വേനലിലെ കടുത്ത ചൂടിൽ കുട്ടികളെ വാഹനത്തിനുള്ളിൽ തനിച്ച് ഇരുത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ടാണ് 2022 ജൂലൈ 21-ന് അബുദാബി പോലീസ് ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്. ഇത്തരം കാലാവസ്ഥയിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിലെ താപനില 70 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടാവുന്നതാണ്.
കുടുത്ത ചൂടിൽ കുട്ടികളെ വാഹനത്തിനുള്ളിൽ തനിയെ ഇരുത്തുന്നത് ഓക്സിജന്റെ അഭാവവും മൂലം ശ്വാസംമുട്ടൽ, ബോധം നഷ്ടപ്പെടൽ തുടങ്ങി മരണം വരെ സംഭവിക്കാനിടയാക്കുന്നതാണ്. “കുട്ടികളെ വാഹനങ്ങൾക്കുള്ളിൽ തനിയെയിരുത്തി പോകുന്നത് അവരുടെ ജീവന് ഭീഷണിയുയർത്തുന്നതാണ്. ഇത്തരം നിരുത്തരവാദപരമായ പ്രവൃത്തികൾ ചെയ്യുന്ന വ്യക്തികൾ നിയമനടപടി നേരിടേണ്ടി വരുന്നതാണ്.”, പോലീസ് വ്യക്തമാക്കി.
കുട്ടികളുടെ അവകാശങ്ങൾക്ക് സംരക്ഷണം നൽകുന്നതിനായുള്ള യു എ ഇ ഫെഡറൽ നിയമം ‘3/ 2016’ പ്രകാരം കുട്ടികളുടെ സുരക്ഷ അവഗണിക്കുന്നതും, മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതിരിക്കുന്നതും പിഴ, തടവ് എന്നിവ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.