ഹിംസാത്മകമായ ഉള്ളടക്കങ്ങളുള്ള ഇലക്ട്രോണിക് ഗെയിമുകൾ കുട്ടികളിലും, കൗമാരപ്രായക്കാരിലും ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 2023 ഡിസംബർ 25-നാണ് അബുദാബി പോലീസ് ഈ അറിയിപ്പ് നൽകിയത്.
ഇത്തരം ഇലക്ട്രോണിക് ഗെയിമുകൾ കുട്ടികളിലും, കൗമാരപ്രായക്കാരിലും ഉണ്ടാകാനിടയുള്ള മാനസികമായ ദൂഷ്യങ്ങൾ, ആസക്തി, യാഥാർത്ഥ്യബോധത്തിൽ നിന്ന് ഏറെ അകന്നുള്ള ജീവിതരീതികൾ തുടങ്ങിയവ പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം ഇലക്ട്രോണിക് ഗെയിമുകളുടെ ദൂഷ്യവശങ്ങൾ സംബന്ധിച്ച് സ്വയം അവബോധം ഉണ്ടാക്കാനും, കുട്ടികളെ ഇത് സംബന്ധിച്ച് ബോധവാന്മാരാക്കണമെന്നും പോലീസ് രക്ഷിതാക്കളോട് ആഹ്വാനം ചെയ്‌തിട്ടുണ്ട്.
‘അവർ വിന്റർ ഈസ് സേഫ് ആൻഡ് എന്ജോയബിൾ’ എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് പോലീസ് ഈ അറിയിപ്പ് നൽകിയത്. കുട്ടികളുടെ ഇലക്ട്രോണിക് ഗെയിമിംഗ് ശീലങ്ങൾ നിരീക്ഷിക്കാനും, കുട്ടികൾക്ക് അനുയോജ്യമായ ഉള്ളടക്കങ്ങൾ അടങ്ങിയ ഗെയിമുകൾ തിരഞ്ഞെടുത്ത് നൽകാൻ ശ്രദ്ധിക്കാനും രക്ഷിതാക്കളോട് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
Cover Image: Abu Dhabi Police.