അബുദാബി: പ്രാർത്ഥനകൾക്കായി റോഡരികിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് 500 ദിർഹം പിഴ ചുമത്തും

UAE

എമിറേറ്റിലെ റോഡരികുകളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് അബുദാബി പോലീസ് അറിയിപ്പ് പുറത്തിറക്കി. പ്രാർത്ഥനകൾ നിർവഹിക്കുന്നതിനായി റോഡരികുകളിലും മറ്റും ട്രക്ക് ഡ്രൈവർമാരും, ബസ് ഡ്രൈവർമാരും വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ശീലം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അബുദാബി പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ഏപ്രിൽ 9-ന് രാത്രിയാണ് അധികൃതർ ഈ അറിയിപ്പ് നൽകിയത്. എമിറേറ്റിലെ റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിയമലംഘനമായി കണക്കാക്കുമെന്ന് പോലീസ് വ്യക്തമാക്കി.

ഇത്തരം പ്രവർത്തനങ്ങൾ മൂലം റോഡിലെ മറ്റു വാഹനങ്ങൾക്ക് അപകടം ഉണ്ടാകാനിടയുള്ള സാഹചര്യം പോലീസ് ചൂണ്ടിക്കാട്ടി. റോഡരികുകളിൽ അനധികൃതമായി വാഹനങ്ങൾ നിർത്തുന്നത് മൂലം മറ്റു വാഹനങ്ങളുടെ സുഗമമായുള്ള യാത്രകൾ തടസപ്പെടുന്നതായും, തിരക്കേറിയ സമയങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ വലിയ അപകടങ്ങളിലേക്ക് നയിക്കാമെന്നും പോലീസ് സമൂഹത്തെ ഓർമ്മപ്പെടുത്തി.

എമിറേറ്റിലെ ട്രക്ക്, ബസ് മുതലായ വലിയ വാഹനങ്ങളുടെ ഉടമകളോട് തങ്ങളുടെ ഡ്രൈവർമാർക്കിടയിൽ ഇത്തരം ശീലങ്ങൾ ഒഴിവാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ അബുദാബി പോലീസിലെ ട്രാഫിക് ആൻഡ് പെട്രോൾസ് ഡയറക്ടറേറ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡരികുകളിൽ വാഹനങ്ങൾ നിർത്തിയിടുന്നത് ഒഴിവാക്കാനും, പ്രാർത്ഥനകൾക്കും, അനുഷ്ഠാനങ്ങൾക്കുമായി തൊട്ടരികിലുള്ള പള്ളികൾ, സുരക്ഷിതമായ മറ്റു സ്ഥലങ്ങൾ എന്നിവ ഉപയോഗിക്കാനും പോലീസ് നിർദ്ദേശിച്ചു. യു എ ഇ ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 62 പ്രകാരം, ഇത്തരത്തിൽ റോഡരികുകളിൽ അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നവർക്ക് 500 ദിർഹം പിഴചുമത്തുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

Cover Photo: @ADPoliceHQ