അബുദാബി: സ്റ്റോപ്പ് സിഗ്നലുകളിൽ വാഹനങ്ങൾ നിർത്തുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് പോലീസ്

UAE

എമിറേറ്റിലെ റോഡുകളിലെ സ്റ്റോപ്പ് സിഗ്നലുകളിൽ വാഹനങ്ങൾ പൂർണ്ണമായി നിർത്തുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം പിഴകൾ ഒഴിവാക്കുന്നതിനായി സ്റ്റോപ്പ് സിഗ്നലുകൾ, സ്റ്റോപ്പ് സൈൻ എന്നിവ ഏർപ്പെടുത്തിയിട്ടുള്ള ഇടങ്ങളിൽ വാഹനങ്ങൾ ഉപയോഗിക്കേണ്ടതിന്റെ ശരിയായ രീതികൾ ഒരു പ്രത്യേക അറിയിപ്പിലൂടെ അബുദാബി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഈ അറിയിപ്പ് പ്രകാരം, എമിറേറ്റിലെ റോഡുകളിലെ സ്റ്റോപ്പ് സിഗ്നലുകളിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്:

  • സ്റ്റോപ്പ് സൈൻ, ഇന്റർസെക്ഷൻ, വാഹനങ്ങൾ നിർത്താൻ ആവശ്യപ്പെട്ടുക്കൊണ്ട് റോഡിൽ വരച്ചിട്ടുള്ള പൂർണ്ണമായ വെള്ള വര എന്നിവ കാണുന്ന ഇടങ്ങളിൽ വാഹനങ്ങൾ പൂർണ്ണമായ രീതിയിൽ നിർത്തേണ്ടതാണ്.
  • ഇത്തരം ഇടങ്ങളിൽ വാഹനങ്ങൾ നിർത്തിയ ശേഷം റോഡിൽ തടസം ഉണ്ടാകാനിടയുള്ള മറ്റു വാഹനങ്ങൾ ഇല്ലാ എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം വാഹനങ്ങൾ ഡ്രൈവ് ചെയ്യേണ്ടതാണ്.
  • ഇത്തരം സിഗ്നലുകളിൽ നിങ്ങളുടെ മുന്നിൽ മറ്റു വാഹനങ്ങൾ നിർത്തിയിട്ടിട്ടുണ്ടെങ്കിൽ നിങ്ങളുടെ വാഹനം അത്തരം വാഹനങ്ങൾക്ക് പുറകിൽ നിർത്തിയിടേണ്ടതാണ്. അത്തരം വാഹനങ്ങൾ സിഗ്നലിൽ നിന്ന് നീങ്ങിയ ശേഷം നിങ്ങളുടെ വാഹനം മുന്നോട്ടെടുക്കേണ്ടതും, സ്റ്റോപ്പ് സൈനിൽ നിർത്തേണ്ടതുമാണ്.
  • ഇത്തരം ഇടങ്ങളിലെ കാൽനടക്കാർക്ക് മുൻഗണന നൽകാൻ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ഇടങ്ങളിൽ വാഹനങ്ങൾ നിർത്തിയ ശേഷം കാൽനടക്കാർ ഉണ്ടെങ്കിൽ അവരെ റോഡ് മുറിച്ച് കടക്കാൻ അനുവദിച്ച ശേഷം മാത്രം വാഹനങ്ങൾ മുന്നോട്ടെടുക്കേണ്ടതാണ്.

ഇത്തരം നിയമങ്ങൾ ലംഘിക്കുന്നവർക്ക് 500 ദിർഹം പിഴയ്ക്ക് പുറമെ ആറ് ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ചുമത്തുന്നതാണ്.