അബുദാബി: മറ്റു വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് മുന്നറിയിപ്പ്

UAE

എമിറേറ്റിലെ റോഡുകളിൽ മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 45000-ത്തിലധികം വാഹനങ്ങൾക്കെതിരെ 2021-ൽ നിയമനടപടികൾ സ്വീകരിച്ചതായി അബുദാബി പോലീസ് വ്യക്തമാക്കി. 2022 ജനുവരി 27-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അബുദാബിയിലെ റോഡുകളിൽ മുന്നിലെ വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കാതെ അപകടങ്ങൾക്കിടയാകുന്ന രീതിയിൽ തൊട്ടു പിറകിലായി വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നത് നിയമലംഘനമാണെന്ന് പോലീസ് ജനങ്ങളെ ഓർമ്മപ്പെടുത്തി. ഇത്തരം പ്രവർത്തികൾ അപകടങ്ങളിലേക്ക് നയിക്കാമെന്നും, റോഡപകടങ്ങൾക്കിടയാക്കുന്ന പ്രധാന നിയമലംഘനങ്ങളിലൊന്നാണ് ഈ പ്രവർത്തിയെന്നും അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.

ഇത്തരം നിയമലംഘനങ്ങൾക്ക് 400 ദിർഹം പിഴ, നാല് ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ എന്നിവ ചുമത്തുന്നതാണ്. ഇതിന് പുറമെ, മുന്നിലെ വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും അബുദാബി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ വിട്ടുകിട്ടുന്നതിനായി മൂന്ന് മാസത്തിനിടയിൽ 5000 ദിർഹം പിഴ ഒടുക്കേണ്ടിവരുന്നതാണ്. ഈ പിഴ തുക അടച്ച് കൊണ്ട് തിരിച്ചെടുക്കാത്ത വാഹനങ്ങൾ മൂന്ന് മാസത്തെ കാലാവധിയ്ക്ക് ശേഷം ലേലം ചെയ്യുന്നതാണ്.