അബുദാബി: COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവർ പാലിക്കേണ്ട നടപടിക്രമങ്ങൾ

UAE

എമിറേറ്റിൽ COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവരും, രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിനിടയായിട്ടുള്ളവരും പാലിക്കേണ്ടതായ നടപടിക്രമങ്ങൾ സംബന്ധിച്ച് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 2022 ഫെബ്രുവരി 16-നാണ് ADPHC ഈ അറിയിപ്പ് ആവർത്തിച്ചത്.

ഈ അറിയിപ്പ് പ്രകാരം, അബുദാബിയിൽ COVID-19 രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളവരും, രോഗബാധിതരുമായി സമ്പർക്കത്തിനിടയായിട്ടുള്ളവരും താഴെ പറയുന്ന നടപടിക്രമങ്ങൾ പാലിക്കേണ്ടതാണെന്ന് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി:

COVID-19 PCR ടെസ്റ്റുകളിൽ പോസിറ്റീവ് റിസൾട്ട് ലഭിച്ചിട്ടുള്ള ഉയർന്ന അപകടസാധ്യത നിലനിൽക്കുന്ന വിഭാഗങ്ങൾക്കുള്ള നിർദ്ദേശങ്ങൾ:

അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ, ഗുരുതര രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ, ഗർഭിണികളായ സ്ത്രീകൾ തുടങ്ങിയ ഉയർന്ന അപകടസാധ്യത നിലനിൽക്കുന്ന വിഭാഗങ്ങൾ COVID-19 PCR ടെസ്റ്റുകളിൽ പോസിറ്റീവ് റിസൾട്ട് ലഭിക്കുന്ന സാഹചര്യത്തിൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.

ഇവർ ഉടൻ തന്നെ താഴെ പറയുന്ന ഏതെങ്കിലും COVID-19 പ്രൈം അസസ്‌മെന്റ് കേന്ദ്രം സന്ദർശിക്കേണ്ടതും, ആരോഗ്യ പരിശോധന നടത്തേണ്ടതുമാണ്. തുടർന്ന് ഈ കേന്ദ്രത്തിൽ നിന്ന് നൽകുന്ന ഐസൊലേഷൻ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.

അബുദാബി നഗരത്തിലെ COVID-19 പ്രൈം അസസ്‌മെന്റ് കേന്ദ്രങ്ങൾ:

  • Mafraq Hospital.
  • Al Mushrif (Al Mushrif Wedding Hall)
  • Madinat Mohamed Bin Zayed Center (For Laborers)

അൽ ഐൻ നഗരത്തിലെ COVID-19 പ്രൈം അസസ്‌മെന്റ് കേന്ദ്രം:

  • Al Ain Convention Center Gate 7.

അൽ ദഫ്‌റ നഗരത്തിലെ COVID-19 പ്രൈം അസസ്‌മെന്റ് കേന്ദ്രങ്ങൾ:

  • Madinat Zayed City Center.
  • Al Dhafra Hospitals Prime Assessment Centers.

COVID-19 PCR ടെസ്റ്റുകളിൽ പോസിറ്റീവ് റിസൾട്ട് ലഭിച്ചിട്ടുള്ള വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർ, കഠിനമല്ലാത്ത COVID-19 രോഗലക്ഷണങ്ങൾ ഉള്ളവർ തുടങ്ങിയ മറ്റു വിഭാഗങ്ങൾക്കുള്ള നിർദ്ദേശങ്ങൾ:

  • ഇവർ എമിറേറ്റിലെ ഏതെങ്കിലും ഒരു ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒരു തവണ കൂടി ടെസ്റ്റ് നടത്തേണ്ടതും, തുടർന്ന് ഐസൊലേഷനിൽ പ്രവേശിക്കേണ്ടതുമാണ്.
  • ഈ ടെസ്റ്റിൽ പോസിറ്റീവ് ആകുന്ന 18 വയസിന് താഴെ പ്രായമുള്ളവർ വീടുകളിൽ സ്വയം ഐസൊലേഷനിൽ തുടരേണ്ടതാണ്. ഇവർക്ക് തുടർന്നുള്ള ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ അധികൃതർ നൽകുന്നതാണ്.
  • ഈ ടെസ്റ്റിൽ പോസിറ്റീവ് ആകുന്ന 18 വയസിന് മുകളിൽ പ്രായമുള്ളവർ ഐസൊലേഷൻ നടപടികൾക്കായി താഴെ പറയുന്ന ഏതെങ്കിലും COVID-19 പ്രൈം അസസ്‌മെന്റ് കേന്ദ്രം സന്ദർശിക്കേണ്ടതാണ്.

അബുദാബി നഗരത്തിലെ COVID-19 പ്രൈം അസസ്‌മെന്റ് കേന്ദ്രങ്ങൾ:

  • Medeor Hospital.
  • Burjeel Medical City.
  • LLH Hospital Mussafah.
  • തൊഴിലാളികൾക്ക് – Life Care Hospital, Musaffah or Baniyas or Madinat Mohamed Bin Zayed Center.

അൽ ഐൻ നഗരത്തിലെ COVID-19 പ്രൈം അസസ്‌മെന്റ് കേന്ദ്രം:

  • Burjeel Royal Hospital.

COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായതായുള്ള SMS സന്ദേശം ലഭിക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ:

  • COVID-19 രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പർക്കത്തിനിടയായിട്ടുള്ളവർക്ക് ഒരു SMS സന്ദേശം ലഭിക്കുന്നതാണ്. ഇവർ ഈ സന്ദേശത്തിൽ നൽകിയിട്ടുള്ള വിലാസം ഉപയോഗിച്ച് കൊണ്ട് ഹോം ക്വാറന്റീൻ ചെയ്യുന്നതിനായി സ്വയം രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്.
  • ഇവർക്ക് രോഗലക്ഷണങ്ങൾ പ്രകടമാകുന്ന അവസരത്തിൽ എമിറേറ്റിലെ ഏതെങ്കിലും ഒരു ആരോഗ്യ കേന്ദ്രത്തിൽ നിന്ന് PCR ടെസ്റ്റ് നടത്തേണ്ടതാണ്.
  • രോഗലക്ഷണങ്ങൾ പ്രകടമാക്കാത്ത വാക്സിനെടുത്തിട്ടുള്ളവർ എമിറേറ്റിലെ ഏതെങ്കിലും ഒരു ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ആറാം ദിനത്തിൽ (വാക്സിനെടുക്കാത്തവർ ഒമ്പതാം ദിവസം) ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.