അബുദാബി: ചൂട് മൂലമുണ്ടാകുന്ന സമ്മർദ്ദത്തിൽ നിന്ന് തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ADPHC പദ്ധതി ആരംഭിച്ചു

UAE

എമിറേറ്റിലെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2021 ജൂൺ 15 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നതിനൊപ്പം, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) “സേഫ്റ്റി ഇൻ ഹീറ്റ്” എന്ന പ്രത്യേക പദ്ധതിയ്ക്ക് തുടക്കമിട്ടു. ഈ പദ്ധതിയുടെ കീഴിൽ വേനൽക്കാലത്ത് ഉച്ചക്ക് ശേഷം 12:30 മുതൽ വൈകീട്ട് 3 മണിവരെ തൊഴിലാളികൾ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ജോലികളിൽ ഏർപ്പെടുന്നതും, ഒട്ട്‌ഡോർ ജോലികളും വിലക്കിയിട്ടുണ്ട്. ഈ നിയമം എല്ലാ വർഷവും മൂന്ന് മാസത്തേക്ക് (ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ) ബാധകമായിരിക്കും.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2021 ജൂൺ 15 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള പ്രാബല്യത്തിൽ വരുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റൈസേഷൻ (MoHRE) ജൂൺ 2-ന് അറിയിച്ചിരുന്നു.

ഈ പദ്ധതിയുടെ ഭാഗമായി, തൊഴിലാളികളെ ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിനും ചൂട് സമ്മർദ്ദം നേരിടുന്നത് ഒഴിവാക്കുന്നതിനും തൊഴിലുടമകളും സൂപ്പർവൈസർമാരും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ADPHC ലക്ഷ്യമിടുന്നത്. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പോലുള്ള രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും വേനലിലെ കൊടും ചൂടിൽ, സൂര്യപ്രകാശം ഏൽക്കുന്നത് മൂലമുള്ള അപകടസാധ്യതകളെക്കുറിച്ചും സംരക്ഷണ രീതികളെക്കുറിച്ചും തൊഴിലാളികളെ ബോധവത്കരിക്കുന്നതിലാണ് ഈ പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

തൊഴിലാളികളെയും തൊഴിലുടമകളെയും അവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനും, ചൂട് സമ്മർദ്ദം മൂലമുണ്ടാകുന്ന പരിക്കുകളുടെ എണ്ണം കുറയ്ക്കുന്നതിനുമുള്ള അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവത്കരിക്കുന്നതിൽ അബുദാബി സർക്കാരിന്റെ താൽപര്യം ഈ സംരംഭം പ്രതിഫലിപ്പിക്കുന്നുവെന്ന് ADPHC ഡയറക്ടർ ജനറൽ മത്തർ അൽ നുഐമി പറഞ്ഞു. തൊഴിൽ ആരോഗ്യം, സുരക്ഷ എന്നിവയുൾപ്പെടെയുള്ള പൊതുജനാരോഗ്യകാര്യങ്ങളുമായി ഇത് ബന്ധപ്പെട്ടതിനാൽ ഇത് കേന്ദ്രത്തിന്റെ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നു.

നിർമാണം, മാലിന്യങ്ങൾ, ഊർജ്ജം, ടൂറിസം, സംസ്കാരം, ആരോഗ്യം, ഗതാഗതം, ഭക്ഷ്യ മേഖലകൾ എന്നിങ്ങനെ അബുദാബിയിൽ പ്രവർത്തിക്കുന്ന വിവിധ മേഖലകളെ ഉൾക്കൊള്ളിച്ചാണ് പദ്ധതി തയ്യറാക്കുന്നത്. ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിന് ബിസിനസ്സുകളെ സഹായിക്കുന്ന വൈവിധ്യമാർന്ന മെറ്റീരിയലുകൾ ഈ വാർഷിക ബോധവൽക്കരണ പരിപാടിയിലൂടെ ADPHC നൽകുന്നു. ഇക്കാര്യത്തിൽ എല്ലാ ബിസിനസുകൾക്കും ADPHC പിന്തുണയും ഉപദേശവും നൽകുന്നതാണ്.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക, ഇടവേളകൾ എടുക്കുക, അനുയോജ്യമായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും മറ്റും ധരിക്കുക തുടങ്ങിയ നിർദേശങ്ങൾ അച്ചടിക്കാനും തൊഴിലാളികൾ ഒത്തുചേരുന്ന സ്ഥലങ്ങളിൽ വിതരണം ചെയ്യാനും കേന്ദ്രം എല്ലാ ബിസിനസ്സുകളോടും ആവശ്യപ്പെടുന്നു. ഇത്തരം തൊഴിലിടങ്ങളിൽ COVID-19-ന്റെ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അൽ നുഐമി വ്യക്തമാക്കി.

WAM