ഒമാൻ: എല്ലാ പ്രായത്തിലുള്ളവർക്കും പള്ളികളിൽ പ്രവേശിക്കാൻ അനുവാദം നൽകി

GCC News

കൊറോണ വൈറസ് പശ്ചാത്തലത്തിൽ രാജ്യത്തെ പള്ളികളിൽ പ്രവേശിക്കുന്നതിന് പ്രായമായവർക്കും, കുട്ടികൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഡിസംബർ 10, വ്യാഴാഴ്ച്ച നടന്ന സുപ്രീം കമ്മിറ്റിയുടെ പ്രത്യേക പത്ര സമ്മേളനത്തിൽ ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ.അഹ്‌മദ്‌ അൽ സൈദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതോടെ എല്ലാ പ്രായത്തിലുള്ളവർക്കും ഒമാനിലെ പള്ളികളിലേക്ക് പ്രവേശിക്കാവുന്നതാണ്. “ഏതാനം പ്രായപരിധികളിലുള്ളവർക്ക് പള്ളികളിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഈ വിഷയം റിലീജിയസ് ആൻഡ് എൻഡോവ്മെന്റ് മിനിസ്ട്രിയുമായി ചർച്ച ചെയ്ത ശേഷമാണ് ഈ തീരുമാനം കൈകൊണ്ടിട്ടുള്ളത്.”, പത്രസമ്മേളനത്തിൽ സംസാരിക്കുന്നതിനിടയിൽ ഡോ. അൽ സൈദി അറിയിച്ചു.

“എല്ലാ പ്രായത്തിലുള്ളവർക്കും പള്ളികളിലേക്ക് പ്രവേശിക്കാമെങ്കിലും, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കേണ്ടതാണ്. പള്ളികളിലെത്തുന്ന മുഴുവൻ വിശ്വാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ പള്ളി അധികാരികൾ നടപ്പിലാക്കേണ്ടതാണ്.”, അദ്ദേഹം കൂട്ടിച്ചേർത്തു.

COVID-19 പശ്ചാത്തലത്തിൽ ഏതാണ്ട് എട്ട് മാസത്തോളമായി അടഞ്ഞുകിടന്നിരുന്ന ഒമാനിലെ 700-ൽ പരം പള്ളികൾ നവംബർ 15 മുതൽ വിശ്വാസികൾക്കായി തുറന്ന് കൊടുത്തിട്ടുണ്ട്. പള്ളികൾ തുറന്ന് കൊടുക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ, 400 വിശ്വാസികളെ ഒരേ സമയം ഉൾകൊള്ളാൻ തക്ക വലിപ്പമുള്ള, വിശാലമായ പള്ളികൾ മാത്രമാണ് തുറന്ന് കൊടുത്തിട്ടുള്ളത്. വെള്ളിയാഴ്ച്ചകളിലെ പ്രാർത്ഥന ഒഴികെ, ദിനവുമുള്ള അഞ്ച് പ്രാർത്ഥനകൾക്കായാണ് പള്ളികൾ തുറക്കാൻ അനുവദിച്ചിട്ടുള്ളത്.

നിലവിൽ ഓരോ പ്രാർത്ഥനകൾക്കുമായി 25 മിനിറ്റ് മാത്രമാണ് വിശ്വാസികൾക്ക് പള്ളികളിൽ പ്രവേശനം അനുവദിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ, രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർ എന്നിവർക്ക് പള്ളികൾ സന്ദർശിക്കാൻ അനുമതി നൽകുന്നതല്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം, കൈകളുടെ ശുചിത്വം തുടങ്ങിയ മുൻകരുതൽ നടപടികൾ പള്ളികളിൽ നിർബന്ധമാണ്.