ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് മടങ്ങാം; എയർ ഇന്ത്യ ജൂലൈ 31 മുതൽ ഓഗസ്റ്റ് 15 വരെയുള്ള ബുക്കിങ്ങ് ആരംഭിക്കുന്നു

GCC News

ഇന്ത്യയിൽ നിന്ന് അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ ബുക്കിങ്ങ് ഇന്ന് (ജൂലൈ 31) മുതൽ ആരംഭിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസ്സ് ജൂലൈ 30-നു രാത്രി അറിയിച്ചു. വന്ദേ ഭാരത് വിമാനങ്ങളുടെ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള യാത്രയിലാണ്, യു എ ഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് യാത്ര ചെയ്യാൻ അവസരം നൽകുന്നത്. നിലവിൽ ജൂലൈ 31 മുതൽ ഓഗസ്റ്റ് 15 വരെയുള്ള വിമാനങ്ങളിലാണ് ഇപ്രകാരം യു എ ഇയിലേക്ക് യാത്രചെയ്യാൻ അനുവാദം നൽകിയിരിക്കുന്നത്. യു എ ഇയിലെ ICA / GDRFA അധികൃതരുടെ അംഗീകാരം നേടിയവർക്ക് മാത്രമാണ് യാത്ര അനുവദിക്കുന്നത്.

https://twitter.com/FlyWithIX/status/1288852682619285504

നിലവിൽ ഇന്ത്യൻ വ്യോമയാന മന്ത്രാലയം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ നൽകിയിട്ടില്ലെങ്കിലും, എയർ ഇന്ത്യ എക്സ്പ്രസ്സ് ജൂലൈ 31 മുതൽ ഓഗസ്റ്റ് 15 വരെ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് സർവീസ് നടത്തുന്നതായി തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ജൂലൈ 12 മുതൽ ജൂലൈ 26 വരെയുള്ള 15 ദിവസത്തെ കാലയളവിൽ എയർ ഇന്ത്യ വന്ദേ ഭാരത് വിമാനങ്ങൾക്കും, യു എ ഇയിൽ നിന്നുള്ള ചാർട്ടർ വിമാനങ്ങൾക്കും ഇന്ത്യയിൽ നിന്നുള്ള യാത്രികരുമായി യു എ ഇയിലേക്ക് സർവീസ് നടത്തുന്നതിനു ഇരു രാജ്യങ്ങളുടെയും വ്യോമയാന മന്ത്രാലയങ്ങൾ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ അനുവാദം നൽകിയിരുന്നു.

ജൂലൈ 31 മുതൽ ഓഗസ്റ്റ് 15 വരെ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള ടിക്കറ്റുകൾ http://airindiaexpress.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയും, ഏജന്റുമാർ മുഖേനെയും ബുക്ക് ചെയ്യാവുന്നതാണ്. COVID-19 ടെസ്റ്റിംഗിനായുള്ള ഔദ്യോഗിക അംഗീകാരമുള്ള ലാബുകൾ, ICA / GDRFA ഔദ്യോഗിക പോർട്ടലുകൾ, വിമാനങ്ങളുടെ സമയക്രമം, മറ്റു വിവരങ്ങൾ എന്നിവ http://blog.airindiaexpress.in/india-uae-travel-update/ എന്ന വിലാസത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് ലഭ്യമാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് ഇത്തരത്തിൽ യാത്ര ചെയ്യുന്നതിനുള്ള നിബന്ധനകൾ:

  • ICA / GDRFA അധികൃതരുടെ അംഗീകാരം നേടിയ, നിലവിൽ ഇന്ത്യയിലുള്ള സാധുതയുള്ള യു എ ഇ റെസിഡന്റ് വിസക്കാർക്ക് മാത്രമാണ് ഇപ്രകാരം യാത്രാനുമതി. റസിഡന്റ് വിസകൾ പാസ്സ്പോർട്ടിൽ മുദ്ര ചെയ്തിട്ടുള്ള റെസിഡന്റ് വിസക്കാർക്ക് മാത്രമാണ് ടിക്കറ്റ് അനുവദിക്കുന്നത്.
  • ICA / GDRFA അധികൃതരുടെ അംഗീകാരം കൂടാതെ യാത്രകൾ അനുവദിക്കുന്നതല്ല. കാലാവധി കഴിഞ്ഞ ICA / GDRFA അംഗീകാരങ്ങൾക്ക് ചെക്ക് -ഇൻ വേളയിൽ യാത്രാനുമതി ലഭിക്കുകയില്ല എന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരക്കാർക്ക് യു എ ഇയിലേക്ക് മടങ്ങാനുള്ള അനുവാദത്തിനായി വീണ്ടും ICA / GDRFA അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
  • ദുബായ്, ഷാർജ, അബുദാബി എന്നീ വിമാനത്താവളങ്ങളിലേക്ക് പ്രവേശിക്കുന്നതിന് യാത്രയ്ക്ക് മുൻപ് 96 മണിക്കൂറിനുള്ളിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണ്. COVID-19 റിസൾട്ട് പ്രിന്റ് ചെയ്ത രൂപത്തിൽ ആയിരിക്കണം. യു എ ഇയിലെ വിമാനത്താവളങ്ങളിൽ വീണ്ടും PCR പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്.