ഇന്ത്യ – ഒമാൻ എയർ ബബിൾ കരാറിന്റെ ഭാഗമായി മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 12 ഇന്ത്യൻ നഗരങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന സേവനങ്ങൾ പ്രത്യേക വ്യവസ്ഥകളോടെ താത്കാലികമായി പുനരാരംഭിക്കുന്നതിനായുള്ള കരാർ നിലവിൽ വന്നതായി ഒമാനിലെ ഇന്ത്യൻ എംബസിയും, ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയും (CAA ) അറിയിച്ചിരുന്നു. ഒക്ടോബർ 1 മുതൽ നവംബർ 30 വരെയുള്ള കാലയളവിലാണ് ഇന്ത്യ – ഒമാൻ എയർ ബബിൾ കരാറിന്റെ അടിസ്ഥാനത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാനസർവീസുകൾക്ക് അനുമതി നൽകിയിട്ടുള്ളത്.
ഇതിനെ തുടർന്ന്, കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, ബെംഗളൂരു, മംഗലാപുരം, വിജയവാഡ, ഹൈദരാബാദ്, ട്രിച്ചി, ലക്നൗ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.
ഇന്ത്യയിൽ നിന്ന് മസ്‌കറ്റ് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഒമാനിൽ എത്തിയ ശേഷം, വിമാനത്താവളത്തിൽ വെച്ച് COVID-19 PCR ടെസ്റ്റിംഗ് നിർബന്ധമാണെന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചിട്ടുണ്ട്. ഒമാനിലേക്ക് യാത്രചെയ്യുന്ന അന്താരാഷ്ട്ര യാത്രികർ, വിമാനയാത്രയ്ക്ക് മുൻപായി, യാത്ര പുറപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് COVID-19 ടെസ്റ്റുകൾ നടത്തേണ്ടതില്ലെന്നും, ഇത്തരം യാത്രികർക്ക് ഒമാനിലെ വിമാനത്താവളങ്ങളിൽ COVID-19 PCR പരിശോധനകൾ നടത്തുന്നതാണെന്നും ഒമാൻ എയർപോർട്ട്സ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക എയർ ബബിൾ കരാർ നിലവിൽ വന്നതായും, ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെയും വിമാന കമ്പനികൾ ഇന്ത്യയിൽ നിന്ന് ഒമാനിലേക്കും, തിരികെയും പ്രത്യേക സർവീസുകൾ നടത്തുന്നതാണെന്നും ഒക്ടോബർ 2-ന് പുറത്തിറക്കിയ അറിയിപ്പിലൂടെ CAA വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളിൽ നിന്നുള്ള ഓരോ വിമാനകമ്പനികൾക്കും പ്രതിവാരം 2 സർവീസുകൾക്ക് വീതമാണ് അനുമതിയെന്നും, ഇരു രാജ്യങ്ങളിലേക്കും ആഴ്ച്ചതോറും പരമാവധി 10000 യാത്രികർക്കാണ് ഇപ്രകാരം യാത്രാനുമതിയെന്നും CAA ട്വിറ്ററിലൂടെ അറിയിച്ചു.