7 ലാബുകളിലെ COVID-19 ടെസ്റ്റ് റിസൾട്ടുകൾക്ക് ദുബായ് യാത്രകളിൽ സാധുതയില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

GCC News

ഏഴ് ഇന്ത്യൻ ലാബുകളിൽ നിന്നുള്ള COVID-19 RT-PCR പരിശോധനാ ഫലങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രകളിൽ സാധുതയില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള സുപ്രധാന അറിയിപ്പായാണ് ഒക്ടോബർ 26-നു വൈകീട്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

https://twitter.com/FlyWithIX/status/1320688807620927488

സെപ്റ്റംബർ മാസം അവസാനത്തിൽ, യാത്രികരുടെ കൊറോണ വൈറസ് ടെസ്റ്റുകളുടെ ആധികാരികതയുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾക്ക് ദുബായ് ഹ്രസ്വമായ പ്രവർത്തന വിലക്ക് ഏർപ്പെടുത്തുന്ന സാഹചര്യം ഉടലെടുത്തിരുന്നു. തുടർന്ന് ദുബായ് യാത്രകളിൽ നാല് ഇന്ത്യൻ ലാബുകളിൽ നിന്നുള്ള പരിശോധനാ ഫലങ്ങൾ നിരാകരിക്കുന്നതായി എയർ ഇന്ത്യ സെപ്റ്റംബർ 28-ന് അറിയിപ്പ് പുറത്തിറക്കുകയുണ്ടായി. ഇപ്പോൾ ഈ നാല് ലാബുകൾക്ക് പുറമെ, മൂന്ന് ഇന്ത്യൻ ലാബുകളിൽ നിന്നുള്ള പരിശോധനാ ഫലങ്ങളും ദുബായ് യാത്രകൾക്ക് സാധുതയില്ലാ എന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചിട്ടുണ്ട്.

താഴെ പറയുന്ന ഇന്ത്യൻ ലാബുകളിൽ നിന്നുള്ള RT-PCR റിപ്പോർട്ടുകൾ നിരാകരിക്കാൻ ദുബായിലെ കാര്യനിര്‍വ്വഹണ അധികൃതർ നിർദ്ദേശിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്:

  • സൂര്യം ലാബ്, ജയ്‌പൂർ (Suryam Lab in Jaipur)
  • കേരളത്തിലെ നഗരങ്ങളിലുള്ള മൈക്രോഹെൽത്ത് ലാബുകൾ (Microhealth Lab)
  • ഡോ. പി. ഭാസിൻ പാത്ത്‌ലാബ്സ് (P) Ltd, ഡൽഹി (Dr. P. Bhasin Pathlabs (P) LTD, Delhi)
  • നോബിൾ ഡയഗ്നോസ്റ്റിക് സെന്റർ, ഡൽഹി (Noble Diagnostic Centre, Delhi)
  • അസ ഡയഗ്നോസ്റ്റിക് സെന്റർ (Aza diagnostic center)
  • AARA ക്ലിനിക്കൽ ലബോറട്ടറീസ് (AARA Clinical Laboratories)
  • 360 ഡയഗ്നോസ്റ്റിക് & ഹെൽത്ത് സർവീസസ് (360 Diagnostic and Health Services)