അജ്‌മാൻ: വിവാഹ സത്കാര ചടങ്ങുകൾക്ക് അനുമതി നൽകി

UAE

എമിറേറ്റിലെ ഹോട്ടലുകൾ, ഹാളുകൾ, വീടുകൾ എന്നിവിടങ്ങളിൽ വെച്ച് നടത്തുന്ന വിവാഹ സത്കാര ചടങ്ങുകൾ, മറ്റു പരിപാടികൾ എന്നിവയ്ക്ക് നവംബർ 1, ഞായറാഴ്ച്ച മുതൽ അനുവാദം നൽകാൻ തീരുമാനിച്ചതായി അജ്‌മാൻ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ ടീം അറിയിച്ചു. ഞായറാഴ്ച്ച രാത്രിയാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ചടങ്ങുകളിലെത്തുന്ന അതിഥികളും, സംഘാടകരും ഉൾപ്പടെ മുഴുവൻ പേരുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള കർശനമായ സുരക്ഷാ മുൻകരുതലുകളോടെയാണ് സാമൂഹിക പരിപാടികൾ പുനരാരംഭിക്കുന്നതിന് അനുവാദം നൽകുന്നത്. ഹോട്ടലുകളിലും, ഹാളുകളിലും പരമാവധി 200 പേർക്കാണ് പങ്കെടുക്കാൻ അനുവാദമുള്ളതെന്ന് അജ്‌മാൻ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി വ്യക്തമാക്കി. വീടുകളിൽ നടത്തുന്ന ആഘോഷ പരിപാടികളിൽ പരമാവധി 50 പേർക്കാണ് അനുവാദമുള്ളത്.

വിവാഹ സത്കാര ചടങ്ങുകൾ, മറ്റു സാമൂഹിക ചടങ്ങുകൾ എന്നിവ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അജ്‌മാൻ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ ടീം അറിയിച്ചിട്ടുള്ള നിർദ്ദേശങ്ങൾ:

  • സത്കാര ചടങ്ങുകളിലെ മേശകളിൽ ഒരേ സമയം അഞ്ച് അതിഥികളിൽ കൂടുതൽ അനുവദിക്കരുത്. ഹോട്ടലുകൾ, ഹാളുകൾ, വീട് എന്നിവിടങ്ങളെല്ലാം ഇത് ബാധകമാണ്.
  • അതിഥികൾ തമ്മിൽ 2 മീറ്റർ എങ്കിലും അകലം ഉറപ്പാക്കേണ്ടതാണ്.
  • ചടങ്ങുകളിൽ പങ്കെടുക്കുന്നവർ ഹസ്തദാനം, ആലിംഗനം മുതലായ ആശംസാ രീതികൾ ഒഴിവാക്കേണ്ടതാണ്.
  • ചടങ്ങുകളിൽ പങ്കെടുക്കുന്നവർ മുഴുവൻ സമയവും മാസ്കുകൾ ഉപയോഗിക്കേണ്ടതാണ്.
  • ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് കൈകൾ അണുവിമുക്തമാകുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടതാണ്.