യു എ ഇ: അജ്മാൻ ഭക്ഷ്യമേള മാർച്ച് 9-ന് ആരംഭിക്കും

GCC News

അജ്മാൻ മറീനയിൽ വെച്ച് സംഘടിപ്പിക്കുന്ന അജ്മാൻ ഭക്ഷ്യമേളയുടെ ആദ്യ പതിപ്പ് 2023 മാർച്ച് 9-ന് ആരംഭിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അജ്മാനിലെ സാമ്പത്തിക വികസന വകുപ്പും (DED), അജ്മാൻ ടൂറിസം ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റും (ATDD) ചേർന്ന് സംയുക്തമായാണ് ഈ ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. 2023 മാർച്ച് 9 മുതൽ മാർച്ച് 12 വരെ നാല് ദിവസം നീണ്ട് നിൽക്കുന്ന രീതിയിലാണ് അജ്മാൻ ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്.

അജ്മാൻ ഭക്ഷ്യമേളയിൽ ഏറ്റവും പ്രശസ്തമായ റെസ്റ്റോറന്റുകളിൽ നിന്നും കഫേകളിൽ നിന്നുമുള്ള 38 പ്രദർശകർ പങ്കെടുക്കുന്നതാണ്. മുതിർന്നവർക്കും, കുട്ടികൾക്കും,മറ്റു വിഭാഗങ്ങൾക്കും അനുയോജ്യമായ വിവിധ വിനോദ പരിപാടികൾ, തത്സമയ പാചക ഷോകൾ, മത്സരങ്ങൾ, ശിൽപശാലകൾ എന്നിവ മേളയുടെ ഭാഗമായി സംഘടിപ്പിക്കും. ദിനവും വൈകീട്ട് 5 മണിമുതൽ രാത്രി 10 മണിവരെയാണ് അജ്മാൻ ഭക്ഷ്യമേളയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

“ദേശീയ പദ്ധതികൾ, ഭക്ഷ്യ-പാനീയ മേഖലയിലെ നിക്ഷേപകർ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉടമകൾ എന്നിവരെ പിന്തുണയ്ക്കുന്ന രീതിയിലാണ് അജ്മാൻ ഭക്ഷ്യമേള നടത്തുന്നത്. യു എ ഇ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള വികസന ആവശ്യകതയായി മാറിയ സംരംഭകത്വ സംസ്കാരം സമൂഹത്തിൽ പ്രചരിപ്പിക്കാനും സുസ്ഥിര സാമ്പത്തിക വികസനത്തിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കാനും ഇത് സഹായിക്കും.”, അജ്‌മാൻ DED ബിസിനസ് ഡെവലപ്മെന്റ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ അൽ നുഐമി വ്യക്തമാക്കി.

ഭക്ഷണപ്രേമികൾക്കുള്ള അസാധാരണമായ അനുഭവങ്ങളിലൂടെയും പാചക പ്രദർശനങ്ങൾ, വിനോദ പരിപാടികൾ, മത്സരങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങളിലൂടെയും ഈ ഭക്ഷ്യമേള ഏറ്റവും രുചികരമായ ഭക്ഷണങ്ങളെ ഉയർത്തിക്കാട്ടുന്നുവെന്ന് അൽ ഹാഷിമി ചൂണ്ടിക്കാട്ടി.

WAM