അജ്‌മാൻ: ടാക്സി സേവനങ്ങൾക്കായി പുതിയ ആപ്പ് പുറത്തിറക്കി

UAE

എമിറേറ്റിൽ പൊതുജനങ്ങൾക്ക് ടാക്സി സേവനങ്ങൾ ബുക്ക് ചെയ്യുന്നതിനായി അജ്‌മാൻ പബ്ലിക് ട്രാൻസ്പോർട്ടേഷൻ അതോറിറ്റി (APTA) ഒരു പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി. ‘Route’ എന്ന പേരിലുള്ള ഈ സ്വകാര്യ ടാക്സി ബുക്കിംഗ് മൊബൈൽ ആപ്ലിക്കേഷൻ യാത്രികർക്ക് വളരെ വേഗത്തിൽ, സുരക്ഷിതമായി ടാക്സി സേവനങ്ങൾ ലഭിക്കുന്നതിന് സഹായിക്കുമെന്ന് APTA അറിയിച്ചു.

യാത്രികർക്ക് കൂടുതൽ മികച്ച സേവനങ്ങൾ ഉറപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് APTA ഈ ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. യാത്രികർക്ക് തങ്ങളുടെ സ്‍മാർട്ട് ഫോണുകളിൽ ഈ ആപ്പ് ഡൌൺലോഡ് ചെയ്ത ശേഷം ടാക്സി ബുക്കിങ്ങ് സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്.

സാങ്കേതിക വിദ്യയുടെ സഹായത്താൽ യാത്രികർക്ക് സുരക്ഷിതവും, മികച്ചതുമായ സേവനങ്ങൾ നൽകുന്നതിനാണ് APTA എന്നും ശ്രമിക്കുന്നതെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ ഒമർ ബിൻ ഉമൈർ വ്യക്തമാക്കി. ഈ ആപ്പിലൂടെ യാത്രികർക്ക് ലിമോസിൻ ഉൾപ്പടെ വിവിധ തരാം ടാക്സി വാഹനങ്ങളുടെ സേവനങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. ആപ്പിൾ, ആൻഡ്രോയിഡ് പ്ലാറ്റുഫോമുകളിൽ ഈ ആപ്പ് ലഭ്യമാണ്.