അജ്‌മാൻ: ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു

UAE

യു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചതായി അജ്‌മാൻ പോലീസ് വ്യക്തമാക്കി. നവംബർ 14-നാണ് അജ്‌മാൻ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് ഇക്കാര്യം അറിയിച്ചത്.

നവംബർ 21 മുതലാണ് ഈ ഇളവ് ലഭിക്കുന്നത്. 2021 ഡിസംബർ 31 വരെ ഈ ഇളവോടെ പിഴ തുകകൾ ഒടുക്കുന്നതിന് അവസരം ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് അജ്‌മാൻ പോലീസ് കമാണ്ടർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഈ ഉത്തരവ് അനുസരിച്ച്, പിഴതുകകൾ 50 ശതമാനം കുറയ്ക്കുന്നതിനും, ട്രാഫിക് പോയിന്റുകൾ, വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടികൾ എന്നിവ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. അജ്മാനിൽ വാഹനങ്ങളുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തുന്ന ഗുരുതര നിയമലംഘനങ്ങൾ ഒഴികെയുള്ള ട്രാഫിക് ലംഘനങ്ങൾക്ക് ഈ ഇളവ് ലഭിക്കുന്നതാണ്.

ആഭ്യന്തര മന്ത്രാലയം, അജ്‌മാൻ പോലീസ് എന്നിവരുടെ സ്മാർട്ട് അപ്പ് സംവിധാനങ്ങൾ, ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ഓൺലൈൻ പേയ്മെന്റ് സംവിധാനം, ‘Sahl’ ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങൾ എന്നിവയിലൂടെയും, അജ്‌മാൻ പോലീസ് സർവീസ് കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും ഈ പിഴ തുകകൾ അടയ്ക്കാവുന്നതാണ്.