അൽ ഐൻ: ഒക്ടോബർ 4, 5 തീയതികളിൽ വിദൂര വിദ്യാഭ്യാസ രീതി ഏർപ്പെടുത്താൻ തീരുമാനം

GCC News

ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് അനുഭവപ്പെടുന്ന മോശം കാലാവസ്ഥ കണക്കിലെടുത്ത് അൽ ഐനിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒക്ടോബർ 4 തിങ്കളാഴ്ച്ചയും, ഒക്ടോബർ 5 ചൊവ്വാഴ്ച്ചയും വിദൂര വിദ്യാഭ്യാസ രീതിയിലുള്ള പഠനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. ഒക്ടോബർ 3-ന് രാത്രിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഇതിന് പുറമെ, നിലവിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് അൽ ഐനിൽ താഴെ പറയുന്ന മുൻകരുതൽ നടപടികൾ കൈക്കൊള്ളുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്:

  • അൽ ഐനിലെ കെട്ടിട നിർമ്മാണ മേഖലയിലെ പ്രവർത്തനങ്ങൾ ഒക്ടോബർ 5 വരെ നിർത്തിവെച്ചിട്ടുണ്ട്.
  • ജബൽ ഹഫീതിലേക്കുള്ള പ്രവേശനം നിർത്തലാക്കി.
  • അൽ ഐനിലെ COVID-19 ടെസ്റ്റിംഗ്, വാക്സിനേഷൻ ടെന്റുകളുടെ പ്രവർത്തനം നിർത്തലാക്കി.
  • സർക്കാർ മേഖലയിലെ സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവ ഒക്ടോബർ 4-ന് വിദൂര രീതിയിൽ പ്രവർത്തിക്കും.
  • സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഒക്ടോബർ 4-ന് വിദൂര രീതിയിലുള്ള പ്രവർത്തനം നടപ്പിലാക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

മേഖലയിലെ നിവാസികളോട് അനാവശ്യ യാത്രകൾ ഒഴിവാക്കാനും, വീടുകളിൽ തുടരാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ 999 എന്ന നമ്പറിൽ അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്.

അൽ ഐനിൽ ഒക്ടോബർ 5 വരെ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി അധികൃതർ അറിയിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങൾ ഒഴിവാക്കാനും, തീരപ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാനും, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Cover Image: WAM.