അൽ ഐൻ ഹോസ്പിറ്റൽ പൂർണ്ണമായും കൊറോണാ വൈറസ് ബാധിച്ചവരുടെ ചികിത്സകൾക്കും, കൊറോണാ ബാധിതരുടെ ഐസൊലേഷനുമായി ഉപയോഗിക്കുമെന്ന് അബുദാബി ഹെൽത്ത് സർവീസസ് (SEHA) അറിയിച്ചു. നിലവിൽ അൽ ഐൻ ഹോസ്പിറ്റലിൽ ചികിത്സയിലുള്ളവരെ തവാം ഹോസ്പിറ്റലിലേക്കും അൽ ഐനിലെ തന്നെ അടുത്തുള്ള ആശുപത്രികളിലേക്കും മാറ്റും. ഇതിനായി ഹോസ്പിറ്റൽ അധികൃതരും SEHA-യും ചേർന്ന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കി വരികയാണ്.
അൽ ഐൻ ഹോസ്പിറ്റലിൽ നിലവിലുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം നിർത്തിവെക്കും. ഇവിടേക്ക് വരുന്ന അത്യാഹിത കേസുകൾ തവാം ഹോസ്പിറ്റലിലേക്ക് തിരിച്ച് വിടുന്നതിനുള്ള സംവിധാനങ്ങൾ നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അടിയന്തിര സ്വഭാവമുള്ള കേസുകൾ NMC ഹോസ്പിറ്റൽ, ബുർജീൽ ഹോസ്പിറ്റൽ, ഐൻ അൽ ഖലീജ് ഹോസ്പിറ്റൽ തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് മാറ്റും. നിലവിലെ അൽ ഐൻ ഹോസ്പിറ്റലിലെ രോഗികൾക്കായി ടെലിമെഡിസിൻ സംവിധാനവും, അടിയന്തിര സഹായം ആവശ്യമുള്ള രോഗികൾക്ക് മരുന്നുകൾ വീടുകളിൽ എത്തിക്കാനുള്ള സംവിധാനവും ഒരുക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.