ഓഗസ്റ്റ് 6, വ്യാഴാഴ്ച്ച മുതൽ വാരാന്ത്യങ്ങളിൽ സുരക്ഷാ മുൻകരുതലുകളോടെ സന്ദർശകർക്ക് അൽ ഐൻ മൃഗശാലയിലേക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി. എല്ലാ ആഴ്ച്ചകളിലും വ്യാഴം, വെള്ളി ശനി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 6 വരെയാണ് സന്ദർശകർക്ക് പ്രവേശനാനുമതി നൽകുന്നത്. കൊറോണ വൈറസ് സാഹചര്യത്തിൽ കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെയാണ് മൃഗശാല സന്ദർശകർക്കായി തുറന്നു കൊടുക്കുന്നത്.
അൽ ഐൻ മൃഗശാലയും അതിന്റെ ഭാഗമായുള്ള ഷെയ്ഖ് സയ്ദ് ഡെസേർട് ലേർണിംഗ് സെന്ററും വാരാന്ത്യങ്ങളിൽ സന്ദർശകരെ സ്വീകരിക്കുന്നതാണ്. ഷെയ്ഖ് സയ്ദ് ഡെസേർട് ലേർണിംഗ് സെന്ററിലെ പ്രദർശനങ്ങളിലേക്ക് ഒരേ സമയം പരമാവധി 53 പേർക്കാണ് പ്രവേശനം അനുവദിക്കുക.
മൃഗശാലയിലെ വ്യാപാര സ്ഥാപനങ്ങൾ, ഭക്ഷണശാല എന്നിവ പ്രവർത്തിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ടിക്കറ്റുകൾക്കായുള്ള രണ്ടു കൗണ്ടറുകൾ പ്രവർത്തിക്കുന്നതാണ്. ഇലക്ട്രോണിക് ടിക്കറ്റ് ബുക്കിങ്ങ് സംവിധാനങ്ങൾ ഏർപെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഏതാണ്ട് 1800 സന്ദർശകർക്കാണ് ദിനം തോറും നിലവിലെ സാഹചര്യത്തിൽ പ്രവേശനം നൽകുന്നത്.
പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് സന്ദർശകർ പാലിക്കേണ്ട കർശനമായ നിർദ്ദേശങ്ങൾ അൽ ഐൻ മൃഗശാല അധികൃതർ നൽകിയിട്ടുണ്ട്.
- കഴിയുന്നതും ഓൺലൈനിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കേണ്ടതാണ്. പണമിടപാടുകൾക്കായി ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിക്കണം. https://www.alainzoo.ae/tickets എന്ന വിലാസത്തിൽ നിന്ന് ടിക്കറ്റുകൾ ഓൺലൈനിലൂടെ ബുക്ക് ചെയ്യാവുന്നതാണ്.
- മൃഗങ്ങളുമായി നേരിട്ട് ഇടപഴകാനുള്ള എല്ലാ സാഹചര്യങ്ങളും സുരക്ഷ മുൻനിർത്തി ഒഴിവാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മൃഗങ്ങളെ ഉപയോഗിച്ചുള്ള സവാരികൾ, മൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്നതിനുള്ള അവസരം എന്നിവ ഒഴിവാക്കിയിട്ടുണ്ട്.
- സന്ദർശകർക്ക് മൃഗശാലയിൽ മുഴുവൻ സമയവും മാസ്കുകൾ നിർബന്ധമാണ്. മാസ്കുകൾ സന്ദർശകർ കൊണ്ടുവരേണ്ടതാണ്.
- മുഴുവൻ സമയവും സമൂഹ അകലം പാലിക്കേണ്ടതാണ്.
- രോഗലക്ഷണങ്ങൾ ഉള്ളവർ മൃഗശാല സന്ദർശിക്കരുത്.
- സാനിറ്റൈസറുകൾ കൈവശം കരുതേണ്ടതാണ്.
- കുടിക്കുന്നതിനുള്ള വെള്ളം സന്ദർശകർ കൊണ്ടുവരേണ്ടതാണ്.
- സുരക്ഷാ ജീവനക്കാരുടെ നിർദ്ദേശങ്ങൾ പാലിക്കണം.