ഖത്തർ: അൽ ഗാനിം ബസ് സ്റ്റേഷന്റെ പ്രവർത്തനം ജൂൺ 15 മുതൽ നിർത്തലാക്കുന്നു

GCC News

അൽ ഗാനിം ബസ് സ്റ്റേഷന്റെ പ്രവർത്തനം 2022 ജൂൺ 15 മുതൽ എന്നേക്കുമായി നിർത്തലാക്കാൻ തീരുമാനിച്ചതായി ഖത്തർ മോവസലാത് അറിയിച്ചു. 2022 മെയ് 23-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

പൊതുഗതാഗത ബസ് ശൃംഖലയെ കൂടുതൽ മികച്ചതാക്കുന്നതിന്റെ ഭാഗമായി പുതിയ ബസ് സ്റ്റേഷനുകൾ അടുത്ത് തന്നെ ഉപയോഗിച്ച് തുടങ്ങുമെന്നും മോവസലാത് അറിയിച്ചു. 2022 മെയ് 29 മുതൽ പഴയ റൂട്ടുകൾ പടിപടിയായി നിർത്തലാക്കുമെന്നും, പുതിയ ബസ് റൂട്ടുകൾ പ്രവർത്തനമാരംഭിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

പൊതുഗതാഗതത്തിനുള്ള ബസുകളുടെ പ്രവർത്തനസമയക്രമം അറിയുന്നതിനായി Karwa ബസ് ആപ്പ് ഉപയോഗിക്കാൻ അധികൃതർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.