ഖത്തർ: പുതിയ ബസ് സ്റ്റേഷൻ ഉദ്‌ഘാടനം ചെയ്തു

GCC News

രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തർ ഗതാഗത വകുപ്പ് മന്ത്രി H.E. ജാസ്സിം സൈഫ് അഹ്‌മദ്‌ അൽ സുലൈതി അൽ സുഡാൻ ബസ് സ്റ്റേഷൻ ഉദ്‌ഘാടനം ചെയ്തു. 2021 നവംബർ 14-നാണ് അൽ സുഡാൻ ബസ് സ്റ്റേഷൻ ജനങ്ങൾക്ക് തുറന്ന് കൊടുത്തത്.

അൽ സുഡാൻ ബസ് സ്റ്റേഷനിൽ നടന്ന ഒരു പ്രത്യേക ചടങ്ങിലാണ് ഉദ്‌ഘാടനം നിർവഹിച്ചത്. മുനിസിപ്പാലിറ്റി വകുപ്പ് മന്ത്രി H.E. ഡോ. അബ്ദുല്ല ബിൻ അബ്ദുൽഅസീസ് ബിൻ തുർക്കി അൽ സുബായീ, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഷെയ്ഖ് ഡോ. ഫലേഹ് ബിൻ നാസ്സർ ബിൻ അഹ്‌മദ്‌ ബിൻ അലി അൽ താനി, പബ്ലിക് വർക്സ് അതോറിറ്റി പ്രസിഡന്റ് ഡോ. എൻജിനീയർ സാദ് ബിൻ അഹ്‌മദ്‌ അൽ മുഹനാദി, ഖത്തർ ജനറൽ ഇലെക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ പ്രസിഡന്റ് എൻജിനീയർ എസ്സ ബിൻ ഹിലാൽ അൽ കുവാരി തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തു.

സുഡാൻ മെട്രോ സ്റ്റേഷൻ, അൽ സദ്ദ് SC എന്നിവയ്ക്ക് സമീപമായാണ് ഈ പുതിയ ബസ് സ്റ്റേഷൻ ഒരുക്കിയിട്ടുള്ളത്. 65216 സ്‌ക്വയർ മീറ്ററിൽ ഒരുക്കിയിട്ടുള്ള ഈ ബസ് സ്റ്റേഷനിൽ ഏഴു ബസ് ബേകളാണുള്ളത്.നാല് റൂട്ടുകളിലായി ഓരോ മണിക്കൂറിലും 22 ബസുകൾക്ക് ഇവിടെ നിന്ന് സർവീസ് നടത്താവുന്നതാണ്. പ്രതിദിനം 1750 യാത്രികർക്ക് ഈ സ്റ്റേഷനിൽ നിന്ന് യാത്ര ചെയ്യാവുന്നതാണ്.

രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങൾ പടിപടിയായി വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളിലേക്ക് മാറ്റുന്നതിന്റ ഭാഗമായി ഈ ബസ് സ്റ്റേഷനിൽ ബസുകൾ ചാർജ്ജ് ചെയ്യുന്നതിനുള്ള ഇലക്ട്രിക്ക് ചാർജിങ്ങ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് നടപ്പിലാക്കുന്ന പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ച്ചർ പദ്ധതിയുടെ ഭാഗമായി തുറക്കുന്ന എട്ട് പുതിയ പൊതു ഗതാഗത ബസ് സ്റ്റേഷനുകളിലെ ആദ്യത്തേതാണ് അൽ സുഡാൻ ബസ് സ്റ്റേഷനെന്ന് ഖത്തർ ഗതാഗത വകുപ്പ് മന്ത്രി ചടങ്ങിൽ വ്യക്തമാക്കി.

പൊതു ഗതാഗതത്തിനുള്ള ബസുകൾ, ദോഹ മെട്രോ, ലുസൈൽ ട്രാം തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിച്ച് കൊണ്ട് രാജ്യത്തെ എല്ലാ അർബൻ മേഖലകളിലേക്കും പൊതുഗതാഗത സർവീസ് എത്തിക്കുന്നതിനുള്ള പരസ്പര ബന്ധിതവും, സുസ്ഥിരവുമായ പൊതു ഗതാഗത ശൃംഖല ഒരുക്കുന്നതിനാണ് പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ച്ചർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ലുസൈൽ, ഖറാഫ, എഡ്യൂക്കേഷൻ സിറ്റി, അൽ വക്ര, ഇൻഡസ്ട്രിയൽ ഏരിയ എന്നീ അഞ്ചിടങ്ങളിൽ 2021 അവസാനിക്കുന്നതിന് മുൻപ് പുതിയ ബസ് സ്റ്റേഷനുകൾ തുറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സെൻട്രൽ വെസ്റ്റ് ബേ, മ്ഷെയ്റെബ്‌ എന്നവിടങ്ങളിലെ ബസ് സ്റ്റേഷനുകൾ 2022-ൽ ഉദ്‌ഘാടനം ചെയ്യുന്നതാണ്. ഈ ബസ് സ്റ്റേഷനുകളിലെല്ലാം ഇലക്ട്രിക് ബസുകൾ ചാർജ്ജ് ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. 2022-ലെ ഫിഫ വേൾഡ് കപ്പ് ഖത്തർ ആരംഭിക്കുന്നതിന് മുൻപ് രാജ്യത്ത് മികച്ചതും, സുരക്ഷിതവും, സുഗമമായതുമായ ഗതാഗത സംവിധാനങ്ങൾ ഒരുക്കുന്നതിനും ഇതിലൂടെ ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നു.