എക്സ്പോ സിറ്റി ദുബായ്: അൽ വാസൽ താഴികക്കുടം ഇന്ന് വീണ്ടും മിഴിതുറക്കും

UAE

എക്സ്പോ സിറ്റി ദുബായിയുടെ ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ച് അൽ വാസൽ താഴികക്കുടം ഇന്ന് (2022 ഒക്ടോബർ 1, ശനിയാഴ്ച) മുതൽ വീണ്ടും മിഴിതുറക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതിന്റെ ഭാഗമായി ഒക്ടോബർ 1 മുതൽ സന്ദർശകർക്കായി അൽ വാസലിൽ അതിഗംഭീരമായ മായികകാഴ്ചകളും, സംഗീതപരിപാടികളും ആരംഭിക്കുന്നതാണ്. ആഴ്ച തോറും ബുധൻ മുതൽ ഞായർ വരെയുള്ള അഞ്ച് ദിവസങ്ങളിൽ സന്ദർശകർക്ക് അൽ വാസലിലെ കാഴ്ചാനുഭവങ്ങൾ സൗജന്യമായി ആസ്വദിക്കാവുന്നതാണ്.

എക്സ്പോ 2020 ദുബായിയുടെ പ്രധാന ആകർഷങ്ങളിലൊന്നായിരുന്ന അൽ വാസൽ താഴികക്കുടം എക്സ്പോ സിറ്റി ദുബായിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. ഒരു കിരീടത്തിന്റെ ആകൃതിയിലുള്ള അൽ വാസൽ താഴികക്കുടം ദുബായിലെ ഒരു സാംസ്‌കാരിക നാഴികക്കല്ലാണ്.

ഒരു ഭീമൻ 360 ഡിഗ്രി ഡിസ്പ്ലേ സ്ക്രീനായി ഉപയോഗിക്കുന്ന താഴികക്കുടത്തിന്റെ പുറംചട്ടയിലൂടെ സൂര്യപ്രകാശം അകത്തേക്ക് കടക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ദുബായ് മെട്രോയിലൂടെ എത്തിച്ചേരാനാകുന്ന എക്സ്പോ സിറ്റി ദുബായ് നഗരത്തിൽ ഓഫീസുകൾ, വിശ്രമവേളകൾക്കുള്ള സൗകര്യങ്ങൾ, ഭക്ഷണ, വിനോദ വേദികൾ, കായിക സൗകര്യങ്ങൾ, ഒരു മാൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

എക്‌സ്‌പോ 2020 ദുബായ് പ്രദർശനം നടന്ന വേദിയെ എക്‌സ്‌പോ സിറ്റി ദുബായ് ആക്കി മാറ്റുന്നതായും, 2022 ഒക്ടോബറിൽ എക്‌സ്‌പോ സിറ്റി ദുബായ് തുറന്ന് കൊടുക്കുമെന്നും ദുബായ് ഭരണാധികാരിയായ H.H.ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരത്തെ പ്രഖ്യാപിച്ചിരുന്നു. സുസ്ഥിരത, നവീകരണം, വിദ്യാഭ്യാസം, വിനോദം എന്നിവയാൽ നയിക്കപ്പെടുന്ന ഭാവിയിലെ വാണിജ്യപ്രവർത്തനങ്ങൾക്കും, നവീന ആശയങ്ങൾക്കും അനുയോജ്യമായ മികച്ച ഒരു ലക്ഷ്യസ്ഥാനമെന്ന രീതിയിലാണ് എക്‌സ്‌പോ സിറ്റി ദുബായ് എന്ന ഈ നഗരം രൂപകല്പന ചെയ്തിരിക്കുന്നത്.

2022 ഒക്ടോബർ 1-ന് നടക്കാനിരിക്കുന്ന എക്സ്പോ സിറ്റി ദുബായിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപായി ഈ സുസ്ഥിരതയിൽ ഊന്നിയുള്ള നഗരത്തിലെ മൊബിലിറ്റി പവലിയനായ അലിഫ്, സസ്റ്റൈനബിലിറ്റി പവലിയനായ ടെറ എന്നിവയിലേക്ക് സന്ദർശർക്ക് 2022 സെപ്റ്റംബർ മുതൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം എക്സ്പോ സിറ്റിയുടെ 360 ഡിഗ്രി പനോരമിക് ദൃശ്യങ്ങൾ ആസ്വദിക്കാൻ അവസരമൊരുക്കുന്ന ഗാർഡൻ ഇൻ ദി സ്കൈ നിരീക്ഷണ ടവറും സന്ദർശകർക്കായി തുറന്ന് കൊടുത്തിരുന്നു.

WAM