അബുദാബി: ഫൈസർ, സിനോഫാം COVID-19 വാക്സിനുകളുടെ എല്ലാ ഡോസുകളും നിലവിൽ ലഭ്യമാണെന്ന് SEHA അറിയിച്ചു

UAE

യു എ ഇ നിവാസികൾക്കായി, തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ഫൈസർ ബയോഎൻടെക്, സിനോഫാം CNBG COVID-19 വാക്സിനുകളുടെ മുഴുവൻ ഡോസ് കുത്തിവെപ്പുകളും നിലവിൽ ലഭ്യമാണെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. SEHA-യുടെ കീഴിൽ പ്രവർത്തിക്കുന്ന അറുപതിൽ പരം വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നും, ആരോഗ്യ പരിചരണകേന്ദ്രങ്ങളിൽ നിന്നും ഈ കുത്തിവെപ്പുകൾ ലഭ്യമാണ്.

രാജ്യത്തെ നിവാസികൾക്ക് ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് ഫൈസർ ബയോഎൻടെക് COVID-19 വാക്സിനിന്റെ ഒന്നാം ഡോസ്, രണ്ടാം ഡോസ് കുത്തിവെപ്പുകൾ, അല്ലെങ്കിൽ സിനോഫാം CNBG COVID-19 വാക്സിനിന്റെ ഒന്നാം ഡോസ്, രണ്ടാം ഡോസ് കുത്തിവെപ്പുകൾ സ്വീകരിക്കാവുന്നതാണെന്നാണ് SEHA അറിയിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി (വാക്സിനേഷൻ കേന്ദ്രങ്ങളുടെ വിവരങ്ങൾ ഉൾപ്പടെ) 800 50 എന്ന നമ്പറിൽ വിളിക്കുകയോ, https://www.seha.ae/covid-19-landing/ എന്ന വിലാസം സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.

എമിറേറ്റിലെ നൂറിലധികം വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) മെയ് 28-ന് അറിയിച്ചിരുന്നു. ഇത്തരം കേന്ദ്രങ്ങളിൽ വാക്-ഇൻ സേവനം ലഭ്യമാണെന്നും, വാക്സിൻ ലഭിക്കുന്നതിനായി വ്യക്തികൾക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്താവുന്നതാണെന്നും DoH വ്യക്തമാക്കിയിട്ടുണ്ട്.

WAM