അജ്‌മാൻ: ഓഗസ്റ്റ് 3 മുതൽ എല്ലാ സർക്കാർ ജീവനക്കാരും ഓഫീസുകളിൽ ഹാജരാകും

UAE

അജ്‌മാനിലെ എല്ലാ സർക്കാർ ഓഫീസുകളുടെയും പ്രവർത്തനം ഓഗസ്റ്റ് 3, തിങ്കളാഴ്ച്ച മുതൽ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി എമിറേറ്റിലെ എല്ലാ സർക്കാർ ജീവനക്കാരോടും, 2020 ഓഗസ്റ്റ് 3 മുതൽ ഓഫീസുകളിൽ തിരികെ പ്രവേശിക്കാൻ അജ്‌മാൻ ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഇത് സംബന്ധിച്ച അറിയിപ്പ് എല്ലാ പ്രാദേശിക സർക്കാർ സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ട്. ജോലിയിൽ നേരിട്ട് ഹാജരാകുന്നതിൽ, ഏതാനം വിഭാഗം ജീവനക്കാർക്ക് അനുവദിച്ച് നൽകിയിരുന്ന പ്രത്യേക ഇളവുകൾ റദ്ദ് ചെയ്യാനും, മുഴുവൻ ജീവനക്കാരെയും ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാനും എല്ലാ വകുപ്പുകളോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ജീവനക്കാർക്ക് മാത്രമായിരിക്കും ഓഗസ്റ്റ് 3 മുതൽ ഈ തീരുമാനത്തിൽ ഇളവുകൾ നൽകുക. ഇത്തരം ജീവനക്കാർ തങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച്, ഔദ്യോഗിക മെഡിക്കൽ കമ്മിറ്റി അംഗീകരിച്ച വിശദമായ റിപ്പോർട്ട് നൽകേണ്ടതാണെന്നും അജ്‌മാൻ ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി, ആവശ്യമായ എല്ലാ മുൻകരുതലുകൾ കൈക്കൊള്ളാനും അധികൃതർ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജൂലൈ 1 മുതൽ അജ്‌മാനിലെ സർക്കാർ മേഖലയിൽ 75 ശതമാനം ജീവനക്കാർ ജോലിയിൽ തിരികെ പ്രവേശിച്ചിട്ടുണ്ട്.