ദുബായ്: ഒക്ടോബർ 3 മുതൽ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലും പൂർണ്ണ രീതിയിൽ നേരിട്ടുള്ള പഠനം ആരംഭിക്കും

UAE

2021 ഒക്ടോബർ 3 മുതൽ എമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലും എല്ലാ വിദ്യാർഥികളും നേരിട്ടെത്തുന്ന രീതിയിലുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഇതിനായുള്ള തയ്യാറെടുപ്പുകൾ എമിറേറ്റിലെ എല്ലാ സ്വകാര്യ വിദ്യാലയങ്ങളിലും നടപ്പിലാക്കിയതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ അധ്യയന വർഷത്തിന്റെ ആരംഭം മുതൽ ഏതാണ്ട് എഴുപത്തഞ്ച് ശതമാനത്തോളം വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ നേരിട്ടെത്താൻ തുടങ്ങിയിരുന്നു. ഒക്ടോബർ 3 മുതൽ മുഴുവൻ വിദ്യാർത്ഥികളും വിദ്യാലയങ്ങളിലെത്തുന്നതാണ്.

“വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള പഠനം ഉറപ്പാക്കുന്നതിനായി സർക്കാർ, സ്‌കൂൾ ജീവനക്കാർ, രക്ഷിതാക്കൾ എന്നിവർ ഉൾപ്പടെ ദുബായിലെ മുഴുവൻ സമൂഹവും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് നടത്തുന്നത്. മികച്ച അധ്യയനം ഉറപ്പ് വരുത്തിക്കൊണ്ട് വിദ്യാലയങ്ങളിൽ പൂർണ്ണ രീതിയിൽ നേരിട്ടുള്ള പഠനം പുനരാരംഭിക്കുന്നതാണ്.”, നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്പ്മെന്റ് അതോറിറ്റി (KHDA) ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ കരം വ്യക്തമാക്കി. വിദ്യാലയങ്ങളിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി KHDA പ്രത്യേക പരിശോധനകൾ നടപ്പിലാക്കിയിരുന്നു.

ഒക്ടോബർ 3 മുതൽ ദുബായ് ഹെൽത്ത് അതോറിറ്റിയിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ അംഗീകാരമുള്ള വിദ്യാർത്ഥികൾക്കും, നിലവിൽ യു എ ഇയ്ക്ക് പുറത്ത് കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾക്കും മാത്രമാണ് വിദൂര രീതിയിലുള്ള അധ്യയനം അനുവദിച്ചിട്ടുള്ളത്.