യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിന്റെ എല്ലാ സാങ്കേതിക പ്രവര്‍ത്തനങ്ങളും പൂർണ്ണമായും തൃപ്തികരമാണെന്നും, പേടകം ചൊവ്വാഗ്രഹം ലക്ഷ്യമിട്ട് സുരക്ഷിതമായി പ്രയാണം ചെയ്തു കൊണ്ടിരിക്കുകയാണെന്നും എമിറേറ്റ്സ് മാർസ് മിഷൻ (EMM) പ്രൊജക്റ്റ് മാനേജർ ഒമ്രാൻ ഷറഫ് അറിയിച്ചു. അറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേക്ഷണ ദൗത്യത്തിനു തുടക്കം കുറിച്ച് കൊണ്ടുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിന്റെ ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററിൽ നിന്നുള്ള വിജയകരമായി വിക്ഷേപണത്തിനു ശേഷം ജൂലൈ 20-നു നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഈ വിവരം പങ്ക് വെച്ചത്.
ഹോപ്പ് ബാഹ്യാകാശപേടകത്തെ വഹിച്ച് കൊണ്ടുള്ള H-IIA F42 എന്ന വിക്ഷേപണ വാഹനം ജൂലൈ 20-നു പുലര്‍ച്ചെ 1.58-നാണ് (യു.എ.ഇ സമയം – ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.28-ന്) വിക്ഷേപിച്ചത്. പുലര്‍ച്ചെ 1.58-ന് വിക്ഷേപികപ്പെട്ട ഹോപ്പ് ബാഹ്യാകാശപേടകം, 2.55-ന് വിക്ഷേപണ വാഹനത്തിൽ നിന്ന് വിജയകരമായി വേർപിരിഞ്ഞിരുന്നു. 3.00 മണിയോടെ ഹോപ്പ് ബാഹ്യാകാശപേടത്തിന്റെ സോളാർ പാനലുകൾ സൂര്യന് അഭിമുഖമായി നിർത്തുന്ന നടപടികൾ വിജയകരമായി പൂർത്തിയാക്കി.
തുടർന്ന് ഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള ആദ്യ പ്രസരണം ദുബായിയിലെ അൽ ഖവാനീജിലുള്ള ഗ്രൗണ്ട് കണ്ട്രോൾ സ്റ്റേഷനിൽ പുലർച്ചെ 3.10-ന് ലഭിച്ചതായി യു എ ഇ സ്പേസ് ഏജൻസിയും, മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററും അറിയിച്ചിരുന്നു. 3.31-ന് ഗ്രൗണ്ട് കണ്ട്രോൾ സ്റ്റേഷനും ഹോപ്പ് ബാഹ്യാകാശപേടകവും തമ്മിലുള്ള വിനിമയ ബന്ധം സ്ഥാപിച്ചതായും, ഇരുവശത്തേക്കും പ്രസരണം സാധ്യമായതായും യു എ ഇ സ്പേസ് ഏജൻസി അറിയിക്കുകയുണ്ടായി.
ഹോപ്പ് ബാഹ്യാകാശപേടകം 200 ദിവസം കൊണ്ട്, യുഎഇയുടെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച്, 2021 ഫെബ്രുവരിയിൽ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 7 മാസം കൊണ്ട് ഏതാണ്ട് 493 മില്യൺ കിലോമീറ്റർ യാത്രചെയ്താണ് ഹോപ്പ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുക. ഏതാണ്ട് 126,000kph വേഗതയിലാണ് ഈ പേടകം ചൊവ്വാഗ്രഹത്തിലേക്ക് പ്രയാണം ചെയ്യുക.
ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം 687 ദിവസം (ഒരു ചൊവ്വാ വർഷം) ഹോപ്പ് ബാഹ്യാകാശപേടകം ചൊവ്വാഗ്രഹത്തെ വലംവെക്കും. ഈ കാലയളവിൽ ഹോപ്പ് ചൊവ്വയുടെ അന്തരീക്ഷവും, കാലാവസ്ഥയും പഠനവിധേയമാക്കുന്നതാണ്.